
ഹരിപ്പാട്: റെയിൽവേ ലെവൽ ക്രോസിൽ ബോധരഹിതനായി വീണസ്കൂട്ടർയാത്രക്കാരന് രക്ഷകനായി ആംബുലൻസ് ഡ്രൈവറുടെ ഇടപെടൽ. പള്ളിപ്പാട് സ്വദേശി മധു (49) ആണ് അപകടത്തിൽപ്പെട്ടത്. ഏകനാഥൻ കാരുണ്യ ചാരിറ്റി ആംബുലൻസ് ഡ്രൈവറും ജില്ലാ ദുരന്തനിവാരണ സേനാംഗവുമായ ഡിജിത്ത് പൈലിയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് മധു മരണമുഖത്ത് നിന്ന് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12: 30 ഓടെ ഹരിപ്പാട് ആർ കെ ജങ്ഷനു സമീപമുള്ള ലെവൽക്രോസിലായിരുന്നു സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മധു റെയിൽവേ ഗേറ്റിനു സമീപം എത്തിയപ്പോൾ പെട്ടെന്ന് ബോധരഹിതനായി താഴെ വീഴുകയായിരുന്നു. ഈ സമയം തൊട്ടു പിന്നാലെ ബൈക്കിൽ വഴിയുകയായിരുന്ന ഡിജിത്ത് പൈലി ഒട്ടും സമയം കളയാതെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ഗേറ്റ് കീപ്പറുടെ മുറിയിൽ നിന്ന് കസേര എത്തിച്ച് മധുവിനെ അതിൽ ഇരുത്തുകയും ഉടൻ തന്നെ പ്രാഥമിക ചികിത്സയായ സിപിആർ നൽകുകയും ചെയ്തു. ഡിജിത്തിന്റെ കൃത്യസമയത്തുള്ള ഈ ഇടപെടൽ മധുവിന്റെ ഹൃദയമിടിപ്പും ശ്വസനവും നിലനിർത്തുന്നതിൽ നിർണായകമായി. തുടർന്ന് ഉടൻ തന്നെ ആംബുലൻസ് വിളിച്ചു വരുത്തി ഇദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ പരിശോധനകൾക്കായി മധുവിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam