കരള്‍ പകുത്ത് നല്‍കാന്‍ മാതാപിതാക്കള്‍; കൈക്കുഞ്ഞുമായി ആംബുലന്‍സ് കൊച്ചിയിലെത്തിയത് മൂന്നു മണിക്കൂര്‍ കൊണ്ട്

By Web TeamFirst Published Feb 15, 2020, 9:48 PM IST
Highlights

കനിവ് 108 ആംബുലന്‍സും പൊലീസും കൈകോർത്തപ്പോള്‍ കരള്‍ രോഗിയായ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞുമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയത് മൂന്നു മണിക്കൂര്‍ കൊണ്ട്. 

തിരുവനന്തപുരം: കരള്‍ പകുത്തു നൽകാൻ മാതാപിതാക്കൾ തയ്യാറായപ്പോള്‍ കനിവ് 108ഉം പൊലീസും കൈകോർത്തു. ഒൻപത് മാസം പ്രായമായ ആര്യനുമായി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലേക്ക് 108 ആംബുലൻസ് കുതിച്ചെത്തിയത് 3 മണിക്കൂർ കൊണ്ട്. ആലപ്പുഴ എസ്എൽപുരം കൊല്ലതായ് വെളിയിൽ വീട്ടിൽ സാജൻ ജോസഫ് മേരി ദമ്പതികളുടെ 9 മാസം പ്രായമായ മകൻ ആര്യനെയും കൊണ്ടാണ് ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വൈശാഖ് വിഎസ്സും രാജേഷ് കുമാറും ആസ്റ്റർ മെഡിസൈറ്റിയിലേക്ക് കുതിച്ചത്.

നാലു ദിവസം മുൻപാണ് നിമോണിയ ബാധയെയും  തുടർന്ന് കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. എസ്.എ.ടി ആശുപത്രിയിലെ ഐസിയു വിഭാഗം ഡോക്ടർമാരായ ഡോ. ബിന്ദുഷ, ഡോ ഷീജ എന്നിവരുടെ പരിശോധനകളിൽ കുഞ്ഞിന് ഗുരുതര കരൾ രോഗമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഡോകർമാരുടെ സംഘം കൊച്ചി ആസ്റ്റർ മെഡിസിറ്റിയുമായി ബന്ധപ്പെടുകയും കുഞ്ഞിന്റെ ശസ്ത്രക്രിയ ചെയ്യാൻ അവിടെ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തത്. ആര്യന് കരൾ പകുത്തു നൽകാൻ മാതാപിതാക്കൾ സമ്മതം അറിയിച്ചതോടെ ആംബുലൻസിനായി എസ്എടി അധികൃതർ 108 ആംബുലൻസ് കണ്ട്രോൾ റൂമിലേക്ക് ബന്ധപ്പെടുകയായിരുന്നു. കണ്ട്രോൾ റൂമിൽ നിന്ന് സന്ദേശം കൈമാറിയതോടെ കുഞ്ഞു  ആംബുലൻസ് പൈലറ്റ് രാജേഷ് കുമാറും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വൈശാഖ് വിഎസ്സും ഉടനെ തന്നെ എസ്എടി ആശുപത്രിയിലെത്തി.

ഇതിനിടയിൽ കുരുന്നു ജീവന് വഴിയൊരുക്കാൻ സംസ്ഥാന പൊലീസും മിഷനിൽ കൈകോർത്തു. സംസ്ഥാന പൊലീസ് മേധാവിയുടെ കണ്ട്രോൾ റൂമിൽ നിന്ന് ഉടൻ തന്നെ സന്ദേശം എല്ലാ ജില്ലകളിലേക്കും കൈമാറി. ഹൈവേകളിൽ സേവനമൊരുക്കി ഹൈവേ പൊലീസും വിവരം അറിഞ്ഞു സുമനസുകളും സജ്ജമായി. ശനിയാഴ്ച വൈകിട്ട്  5.45ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്ന് കുഞ്ഞുമായി 108 ആംബുലൻസ് കൊച്ചിയിലേക്ക് തിരിച്ചു. തിരുവനന്തപുരം ടെക്നൊപാർക്കിലുള്ള 108 ആംബുലൻസ് കണ്ട്രോൾ റൂമിൽ ആംബുലൻസിന്റെ നീക്കങ്ങൾ ജിപിഎസ് വഴി നിരീക്ഷിക്കുകയും വിവരങ്ങൾ യഥാസമയം പൊലീസിന് കൈമാറുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വൈശാഖിൽ നിന്ന് 108 ആംബുലൻസ് കണ്ട്രോൾ റൂമിലേക്ക് ശേഖരിക്കുന്നുണ്ടായിരുന്നു. വിവരം അറിഞ്ഞു നിരവധി സന്നദ്ധ സംഘടനകളും ആംബുലൻസിന് വഴിയൊരുക്കാൻ രംഗത്തെത്തി. രാത്രി 8.50ഓടെ ആസ്റ്റർ മെഡിസിറ്റിയിൽ എത്തിച്ച കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റി. പരിശോധനകൾക്ക് ശേഷം കുഞ്ഞിന്റെ മാതാപിതാക്കളുടെ കരൾ പകുത്തു നൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ ആശുപത്രി അധികൃതർ തീരുമാനിക്കും. 

click me!