
ഇടുക്കി: പീരുമേട് സബ് ജയിലിലെ ജലക്ഷാമത്തിന് പരിഹാരമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഴവെള്ള സംഭരണി നിര്‍മ്മിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും പീരുമേട് ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് ജയില്‍ വളപ്പില്‍ 76930 ക്യുബിക് ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണി നിർമ്മിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയാണ് ജലസംഭരണിയുടെ നിർമ്മാണം പൂര്‍ത്തിയാക്കിയത്.
221 അവിദഗ്ദ്ധ തൊഴില്‍ ദിനങ്ങളും 110 അര്‍ദ്ധ വിദഗ്ദ്ധ തൊഴില്‍ ദിനങ്ങളും 11 വിദഗ്ദ്ധ തൊഴില്‍ ദിനങ്ങളുമാണ് ജലസംഭരണിയുടെ പണി പൂർത്തിയാക്കാനായി എടുത്തത്. 3,72,311 രൂപയാണ് ആകെ ചെലവ്. പീരുമേട് ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡായ സിവില്‍ സ്റ്റേഷന്‍ ഭാഗത്താണ് വിചാരണ തടവുകാരെ പാര്‍പ്പിക്കുന്ന പീരുമേട് സബ് ജയില്‍. 70ലേറെ തടവുകാരും ജയില്‍ ഉദ്യോഗസ്ഥരുമുള്ള ഇവിടെ വേനലില്‍ ജലക്ഷാമം രൂക്ഷമാകാറുണ്ട്.
ജയിലിന് സമീപത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ കിണറില്‍ നിന്നാണ് ജയിലിലേക്ക് വെള്ളം ശേഖരിക്കുന്നത്. വേനല്‍ക്കാലത്ത് പലപ്പോഴും ആവശ്യത്തിന് കുടിവെള്ളം ലഭിക്കാറില്ല. ഈ സാഹചര്യത്തില്‍ ജയില്‍ സൂപ്രണ്ടന്റ് പീരുമേട് ഗ്രാമപഞ്ചായത്തിലും അഴുത ബ്ലോക്ക് പഞ്ചായത്തിലും ജലക്ഷാമത്തെ കുറിച്ച് ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി മഴവെള്ള സംഭരണി നിര്‍മ്മിച്ച് നൽകിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam