
ചെങ്ങന്നൂര്‍: ജ്വലിക്കുന്ന അഗ്നികുണ്ഠത്തിന് മുന്നില്‍ വേദമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ അമേരിക്കക്കാരിയായ യുവതിയെ ചെങ്ങന്നൂരുകാരനായ യുവാവ് ജീവിതസഖിയാക്കി. ചെങ്ങന്നൂര്‍ സ്വദേശി കിഷോറാണ് അഗ്നിസാക്ഷിയായി അമേരിക്കക്കാരിയായ ഏയ്ഞ്ചലയെ വിവാഹം കഴിച്ചത്.
ചെങ്ങന്നൂര്‍ സരസ്വതി വൈദികഗുരുകുലത്തില്‍ യജുര്‍വേദത്തിലെ പാരസ്‌കര ഗൃഹ്യസൂത്രമെന്ന വൈദിക വിധിപ്രകാരമായിരുന്നു വിവാഹം. വേദപണ്ഡിതന്‍ ആചാര്യ നരേന്ദ്രഭൂഷണിന്റെ ഭാര്യയും വേദപണ്ഡിതയുമായ കമലാ നരേന്ദ്രഭൂഷണാണ് വിവാഹചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. നരേന്ദ്രഭൂഷണിന്റെ മകന്‍ വേദപ്രകാശ് നേതൃത്വം നല്‍കിയ ചടങ്ങില്‍ പ്രതാപ് വൈദിക് കാര്‍മ്മികനായി.
മുളക്കുഴ രാജ് നിവാസില്‍ ഒ.ടി. രാജന്റെയും ചെങ്ങന്നൂര്‍ സപ്ലൈ ഓഫീസര്‍ എസ്. സുധാമണിയുടെയും മകനാണ് കിഷോര്‍. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യത്തിന് വേണ്ടി ജോലി ചെയ്യവേ സൈനിക ഉദ്യോഗസ്ഥയായിരുന്ന ഏയ്ഞ്ചലയെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പരിചയം സൗഹൃദത്തിനും പിന്നീട് പ്രണയത്തിലും വഴിമാറുകയായിരുന്നു. ആദ്യമൊക്കെ വീട്ടുകാര്‍ തമാശയായി കരുതി ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഏയ്ഞ്ചലയെ വിവാഹം കഴിക്കണമെന്ന ആവശ്യത്തില്‍ കിഷോര്‍ ഉറച്ചു നിന്നു. ഇതോടെ വിവാഹം നടത്തിക്കൊടുക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. ഒറ്റ നിബന്ധന മാത്രമാണ് ഉണ്ടായിരുന്നത്. വിവാഹം നാട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരം വേണം. ഏയ്ഞ്ചലയുടെ വീട്ടുകാര്‍ക്കും ഇത് പരിപൂര്‍ണ്ണ സമ്മതമായിരുന്നു.
അങ്ങനെയാണ് ചെങ്ങന്നൂര്‍ സരസ്വതി വൈദിക ഗുരുകുലവുമായി ബന്ധപ്പെടുന്നത്. ഇന്ന് രാവിലെ ഗുരുകുലത്തില്‍ എത്തിയ ക്രൈസ്തവ വിശ്വാസിയായ ഏയ്ഞ്ചല ആര്യസമാജ വിധിപ്രകാരം ശുദ്ധികര്‍മ്മം നടത്തി ഹിന്ദുമതം സ്വീകരിച്ചു. അഗ്നിദേവിയെന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. പ്രകൃതി ശക്തികളെ ഈശ്വരനായി കണ്ട് ആരാധിക്കുന്നത് ഇഷ്ടപ്പെടുന്നതിനാലാണ് ഈ പേര് തിരഞ്ഞെടുത്തത്. പിന്നീടാണ് വിവാഹ ചടങ്ങുകള്‍ തുടങ്ങിയത്. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങില്‍ ഏയ്ഞ്ചല പൂര്‍ണ്ണമായും സഹകരിച്ച് പങ്കെടുത്തു. കടു കട്ടിയുള്ള സംസ്‌കൃത മന്ത്രങ്ങള്‍ വഴങ്ങില്ലെങ്കിലും പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. യജ്ഞകുണ്ഠത്തില്‍ അഗ്നിജ്വലിപ്പിച്ച് ആചാര്യ ചൊല്ലിക്കൊടുത്ത മന്ത്രങ്ങള്‍ ഏറ്റു ചൊല്ലി അഗ്നിയില്‍ നെയ് സമര്‍പ്പിച്ചു. താലി ചാര്‍ത്തി തുളസിമാലയും പരസ്പരം അണിയിച്ചതോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നുള്ളൂ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam