36 വർഷം മുമ്പൊരു പെരുന്നാൾ ദിനം, അന്ന് ഇക്ക ഇട്ട ഉടുപ്പ് അലക്കി ഉമ്മ അലമാരിയിൽ വച്ചു; ഇന്നും കാത്തിരിക്കുന്നു

By Web TeamFirst Published Aug 5, 2022, 5:26 PM IST
Highlights

എടവണ്ണ സ്വദേശിയായ അംജദ് വടക്കനാണ് താൻ കാണാത്ത ജ്യേഷ്ഠനെ കുറിച്ച് നൊമ്പരക്കുറിപ്പെഴുതി ഏവരുടെയും ഹൃദയത്തിൽ തൊടുന്നത്. മരിക്കുമ്പോൾ ജേഷ്ഠന് മൂന്ന് വയസായിരുന്നു പ്രായം. അന്ന് ഉടുത്തിരുന്ന കുഞ്ഞുടുപ്പ്...

മലപ്പുറം: 36 വർഷം മുമ്പ് കുളത്തിൽ വീണ് മരിച്ച സഹോദരനെ കുറിച്ച് യുവാവവെഴുതിയ കുറിപ്പ് വൈറലാകുന്നു. എടവണ്ണ സ്വദേശിയായ അംജദ് വടക്കനാണ് താൻ കാണാത്ത ജ്യേഷ്ഠനെ കുറിച്ച് നൊമ്പരക്കുറിപ്പെഴുതി ഏവരുടെയും ഹൃദയത്തിൽ തൊടുന്നത്. മരിക്കുമ്പോൾ ജേഷ്ഠന് മൂന്ന് വയസായിരുന്നു പ്രായം. അന്ന് ഉടുത്തിരുന്ന കുഞ്ഞുടുപ്പ് ഇപ്പോഴും ഉമ്മാന്‍റെ അലമാരയിലുണ്ടെന്നാണ് അംജദ് കുറിപ്പിലൂടെ പറയുന്നത്.

കുറിപ്പിന്‍റെ പൂർണ്ണൂപം വായിക്കാം

'ചെറിയ പെരുന്നാളിന് ഇട്ടതിന് ശേഷം അലക്കി, വൃത്തിയാക്കി മടക്കി വെച്ച ഒരു പുത്തൻ കുഞ്ഞുടുപ്പ് ഇപ്പോഴും എന്റെ ഉമ്മാന്റെ അലമാരയിൽ, വല്യ പെരുന്നാളും കാത്തിരിപ്പുണ്ട്. 36 വർഷമായി ആ കാത്തിരിപ്പ് തുടരുകയാണ്. ആ കുഞ്ഞുടുപ്പിടാനുള്ള പൊന്നുമോൻ ഇനി ഒരിക്കലും ഈ ലോകത്തേക്ക് വരില്ലെന്ന് ഉമ്മാക്ക് നല്ല ബോധ്യമുണ്ട്. എന്നാലും ഉമ്മ ഇടക്ക് അതൊന്നെടുത്ത് ഉമ്മ വെക്കും. ദുഃഖം കനം വെക്കുന്ന ഓർമകൾ ചികഞ്ഞെടുത്ത് ഒരു നെടുവീർപ്പിടും. നഷ്ടപ്പെട്ട മോന് വേണ്ടി പ്രാർത്ഥിക്കും. മൂന്നാമത്തെ വയസിലാണ് എന്‍റെ അംജുക്ക തറവാട് കുളത്തിൽ മുങ്ങി മരിച്ചത്. അവന്‍റെ ഒരു ഫോട്ടോ പോലും മുന്ന് വർഷത്തിനിടയിൽ എടുക്കാതിരുന്നതും ഒരു ദൈവനിശ്ചയമായിരുന്നേക്കാം. ആ കുസൃതികളും , പുഞ്ചിരികളും ഹൃദയം കൊണ്ട് മാത്രം ചികഞ്ഞെടുത്താൽ മതി എന്ന് നാഥൻ തീരുമാനിച്ചു കാണണം.

1986 ലാണ് ജ്യേഷ്ഠൻ അംജദ് മരിച്ചത്. രണ്ട് വർഷത്തിന് ശേഷം ഉമ്മ എന്നെ പ്രസവിച്ചു. ആൺകുട്ടി ആണെങ്കിൽ അംജദ് തന്നെ മതി പേര് എന്ന് ഉമ്മ ആദ്യമേ തീരുമാനിച്ചിരുന്നു. ആ ഓർമകൾ മനസിലേക്ക് വരില്ലേ , അപ്പോൾ വിഷമമാകില്ലേ എന്നൊക്കെ പലരും പറഞ്ഞിരുന്നു ഉമ്മാനോട്, എനിക്കാ പേര് വിളിച്ച് പൂതി തീർന്നിട്ടില്ല അതോണ്ട് പേര് അംജദ് തന്നെ മതി എന്ന് ഉമ്മ തീരുമാനിച്ചു. മാതാപിതാക്കൾ ഉള്ളപ്പോൾ മക്കൾ വേർപ്പെട്ടു പോകുന്നത് ഒരു ദു:ഖ കടൽ തന്നെയാണ്. നാഥാ എന്റെ ഉപ്പാനെയും , ഉമ്മാനെയും അനുഗ്രഹിക്കണേ... നാളെ ഞങ്ങളെ എല്ലാവരെയും സ്വർഗത്തിൽ അംജുക്കാന്‍റെ കൂടെ ഒരുമിപ്പിക്കണേ... ആമീൻ..'

ആന്ധ്ര തീരത്തിന് പുറമേ മധ്യ കർണാടകക്ക് മുകളിലും ചക്രവാതചുഴി; കേരളത്തിൽ 9 വരെ മഴ ഭീഷണി തുടരും

'സമന്‍സ് കിട്ടിയവർ ബന്ധപ്പെടുക'; പ്രവര്‍ത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് കെപിസിസി

click me!