പള്ളിയിൽ നിക്കാഹിന് വധു പങ്കെടുത്തത് അം​ഗീകരിക്കാനാവില്ലെന്ന് മഹല്ല് കമ്മിറ്റി

By Web TeamFirst Published Aug 5, 2022, 2:41 PM IST
Highlights

ഈ വിഷയത്തിൽ ഉണ്ടായ അശ്രദ്ധയിലും ജാഗ്രതക്കുറവിലും വിശ്വാസി സമൂഹത്തിന് വലിയ പ്രയാസം ഉണ്ടായതിൽ മഹല്ല് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു.

കോഴിക്കോട് : പളളിയിലെ നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ചത് വിവാദമായതോടെ പ്രസ്താവനയുമായി പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി. നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന് പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസ്താവന പുറപ്പെടുവിച്ചു. ജൂലൈ 30ന് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന നിക്കാഹ് കർമ്മത്തിന് വധുവിന് പ്രവേശനം നൽകിയത് വിവാദമായതോടെയാണ് മഹല്ല് കമ്മിറ്റിയുടെ പ്രതികരണം. 

മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കഴിഞ്ഞ ദിവസം ചേർന്ന യോഗമാണ് പ്രസ്താവനയിറക്കിയത്. മഹല്ല് ജനറൽ സെക്രട്ടറിയോട് നിക്കാഹിന്റെ തൊട്ടുമുമ്പാണ് കുടുംബം അനുവാദം ചോദിച്ചത്. അദ്ദേഹം സ്വന്തം നിലക്കാണ് അനുവദിച്ചത്. അത് വലിയ വീഴ്ചയാണ്. മഹല്ല് കമ്മിറ്റിയിൽ നിന്നോ അംഗങ്ങളിൽ നിന്നോ പണ്ഡിതരിൽ നിന്നോ സെക്രട്ടറിക്ക് അനുവാദം ലഭിച്ചിട്ടില്ല. ലഭിച്ചുവെന്ന് പറയുന്നത് മഹല്ലിന് പുറത്ത് നടന്ന മറ്റൊരു വിവാഹ വേദിയുമായി ബന്ധപ്പെട്ടാണെന്നും കമ്മറ്റി പറഞ്ഞു.

സെക്രട്ടറി നിരുപാധികം കുറ്റസമ്മതം നടത്തിയതായും പള്ളിയിൽ ഫോട്ടോ സെഷൻ സംഘടിപ്പിച്ചത് അനധികൃതമായിട്ടാണെന്നും  ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്താതെയും അനുവാദം വാങ്ങാതെയുമാണ് അത് നടത്തിയതെന്നുമാണ് വിശദീകരണം.  ഏതൊരു വിശ്വാസിയും പ്രാഥമികമായി പാലിക്കാൻ ബാധ്യതപ്പെട്ട കാര്യങ്ങളിലാണ് വധുവിന്റെ കുടുംബം വീഴ്ച വരുത്തിയതെന്നും ഇത്  ഗുരുതരമായ വീഴ്ചയാണെന്നും മഹല്ല് പ്രതിനിധി സംഘം കുടുംബനാഥനെ നേരിട്ട് അറിയിക്കും.

ഈ വിഷയത്തിൽ ഉണ്ടായ അശ്രദ്ധയിലും ജാഗ്രതക്കുറവിലും വിശ്വാസി സമൂഹത്തിന് വലിയ പ്രയാസം ഉണ്ടായതിൽ മഹല്ല് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. പള്ളിയിൽ നടക്കുന്ന നിക്കാഹ് ചടങ്ങ് സംബന്ധിച്ച് പ്രത്യേകമായും മഹല്ലിലെ നിക്കാഹ് ചടങ്ങുമായി ബന്ധപ്പെട്ട് പൊതുവിലും വിശദമായ പെരുമാറ്റ ചട്ടം തയാറാക്കി മഹല്ല് നിവാസികളെ അറിയിക്കാനും മഹല്ല് കമ്മറ്റി തീരുമാനിച്ചു.  

Read More : നിക്കാഹ് കർമത്തിന് സാക്ഷിയായി വധു: മഹർ വേദിയിൽ നിന്നും സ്വീകരിച്ച് ബഹ്ജ ദലീല

click me!