അമ്മക്കിളിക്കൂട്; അന്‍പതാം വീടിന്‍റെ താക്കോൽ കൈമാറി കല്യാണി പ്രിയദര്‍ശന്‍

Published : Dec 05, 2023, 01:03 PM IST
അമ്മക്കിളിക്കൂട്; അന്‍പതാം വീടിന്‍റെ താക്കോൽ കൈമാറി കല്യാണി പ്രിയദര്‍ശന്‍

Synopsis

അന്‍പതാം വീടിന്‍റെ താക്കോല്‍ കൈമാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്നും കല്യാണി

ആലുവ: എറണാകുളം ആലുവയിൽ അമ്മക്കിളിക്കൂട് ഭവന നിർമ്മാണ പദ്ധതി വഴി 50 വീടുകൾ കൈമാറി. അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ സാമ്പത്തിക പ്രതിസന്ധിയിലായ ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്ക് കൈത്താങ്ങ് ഒരുക്കുന്നത്. ചലച്ചിത്ര താരം കല്യാണി പ്രിയദർശൻ ആണ് അന്‍പതാമത് വീടിന്‍റെ താക്കോൽ കൈമാറിയത്.

2017 ഏപ്രിൽ 4 ആം തിയതി നെടുമ്പാശ്ശേരി മള്ളുശ്ശേരിയിൽ നടൻ ജയറാം തുടക്കമിട്ട പദ്ധതി. ഒടുവിൽ 50 വീടുകൾ പൂർത്തിയാക്കി ശ്രീമൂലനഗരം പഞ്ചായത്തിൽ. മണ്ഡലത്തിലെ അമ്മമാർക്കും കുടുംബത്തിനുമാണ് അമ്മക്കിളിക്കൂടൊരുക്കുന്നത്. സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വീടൊരുക്കാൻ പറ്റാത്തവർക്കായിരുന്നു മുൻഗണന. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആണ് വീടിനുള്ള പണം കണ്ടെത്തിയത്. തനിക്കും മകൾക്കും വീടെന്ന സ്വപ്നം സാധ്യമാക്കിയവർക്ക് ശ്രീമൂലനഗരം സ്വദേശി സഫിയ നന്ദി പറഞ്ഞു. സ്വപ്നത്തില്‍ പോലും വിചാരിക്കാത്തതാണ് കിട്ടിയതെന്ന് സഫിയ പറഞ്ഞു. അന്‍പതാം വീടിന്‍റെ താക്കോല്‍ കൈമാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്നും കല്യാണി പറഞ്ഞു.

മൂന്ന് വീടുകളുടെ നിർമ്മാണം തുടരുകയാണ്. അമ്മക്കിളിക്കൂടിന് അവസാനമില്ലെന്ന് ആലുവ എംഎൽഎ അന്‍വര്‍ സാദത്ത് വ്യക്തമാക്കി. ഇത് ആലുവയുടെ ഹൃദയ പദ്ധതിയാണ് . ഇതില്‍‌ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നുമില്ല. ആര്‍ക്കാണോ അര്‍ഹതയുള്ളത് അവര്‍ക്കാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. സ്വന്തമായി സ്ഥലമുണ്ട്, പക്ഷേ വീട് നിര്‍മിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്ത ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്കാണ് ഈ പദ്ധതിയിലൂടെ വീട് നിര്‍മിച്ചുനല്‍കുന്നതെന്നും എംഎല്‍എ വിശദീകരിച്ചു. 510 ചതുരശ്ര അടിയിൽ രണ്ട് കിടപ്പുമുറി, ഹാൾ, കിച്ചൺ, ശുചിമുറി എന്നിങ്ങനെ ഏഴ് ലക്ഷം രൂപ ചെലവ് വരുന്ന വീടുകളാണ് ഇപ്പോൾ അമ്മക്കിളികൂട് പദ്ധതിയിൽ നിർമ്മിച്ചു കൈമാറുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി