
ഇടുക്കി: തൊടുപുഴ താലൂക്ക് ഓഫീസിനു മുന്നില്‍ സമരം ചെയ്യുന്ന വയോധികക്ക് പട്ടയം നല്‍കാൻ ഈ മാസം 25ന് പ്രത്യേക ഹിയറിംഗ് നടത്തുമെന്ന് തഹസില്‍ദാർ. വയോധികയുടെ നഷ്ടപെട്ട സ്ഥലവും പ്രദേശത്തെ റവന്യു തരിശും കണ്ടെത്താന്‍ അയല്‍വാസികളുടെ ഭൂമി അളക്കാനാണ് തീരുമാനം. പത്തുസെന്‍റിന് പട്ടയം കിട്ടിയാലെ സമരം അവസാനിപ്പിക്കുവെന്നാണ് അമ്മിണിയുടെ നിലപാട്.
അലക്കോട് വില്ലേജിലെ കുറിച്ചിപാടത്തുള്ള 54 സെന്റ് റവന്യു തരിശില്‍ 10 സെന്‍റ് 40 വർഷത്തിലേറെയായി അമ്മിണി കൈവശം വെക്കുന്നു. അതിന് പട്ടയം നല്‍കാം. 2021ല്‍ ആലക്കോട് വില്ലേജ് ഓഫീസര്‍ തൊടുപുഴ തഹസില്‍ദാര്‍ക്ക് കോടുത്ത റിപ്പോര്‍ട്ടിലെ വാക്കുകളാണ്. സമരം തുടങ്ങിയ ശേഷം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മുന്നര സെന്‍റ് മാത്രമെ അവിടെയുള്ളെന്നാണ് കണ്ടെത്തല്‍. അമ്മിണിയുടെ കൈവശഭൂമിയില്‍ ബാക്കിയുള്ളത് അയല്‍വാസി കെട്ടിയെടുത്തു.
റവന്യു തരിശില്‍ ബാക്കിയുള്ളതിനെകുറിച്ചും അറിവില്ല. ഇതെല്ലാം കാണിച്ചാണ് തഹസില്‍ദാര് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തന്‍റെ ഭര്‍ത്താവിനെ സംസ്കരിച്ച സ്ഥലമടങ്ങുന്ന പത്തുസെന്‍റ് അളന്ന് പട്ടയം നല്‍കിയാലെ സമരം അവസാനിപ്പിക്കുവെന്നാണ് അമ്മിണിയുടെ നിലപാട്. അമ്മിണിയുടെ ഭൂമിയും തരിശുഭൂമിയും കണ്ടെത്താന്‍ അയല്‍വാസികളുടെ പട്ടയം പരിശോധിക്കാന്‍ നോട്ടിസ് നല്‍കികഴിഞ്ഞു. അവരെ കേട്ടശേഷം അളന്ന് തിട്ടപെടുത്തും. ജനുവരി 30തിന് മുന്പ് പട്ടയം നല്‍കാനാണ് ഇപ്പോഴത്തെ നീക്കം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam