
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധന ഫലമാണ് പോസിറ്റീവായത്. ഇയാളുടെ സാമ്പിളും വിശദ പരിശോധനയ്ക്ക് അയക്കും. നിലവിൽ ചികിത്സയിൽ നാല് പേരാണ്. മറ്റൊരാൾ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ 23ന് മരിച്ച നെല്ലിമൂട് സ്വദേശിക്ക് ഉൾപ്പടെ അഞ്ച് പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കഠിനമായ പനിയും തലവേദനെയെും തുടര്‍ന്ന് 21ആം തീയതിയാണ് ഈ യുവാവിനെ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ എത്തിച്ചത്. അന്ന് തന്നെ യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരം സംശയിച്ചെങ്കിലും ഇന്നാണ് സാമ്പിൾ ഫലം ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടത്. യുവാവിന്റെ മരണത്തിന് പിന്നാലെയാണ് ബന്ധു കൂടിയായ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ ഇയാളിലും അമീബിക്ക് മസ്തിഷ്ക ജ്വരം കണ്ടെത്തിയിരുന്നു. രോഗബാധയ്ക്കിടയാക്കി എന്ന് സംശയിക്കുന്ന കുളം അടക്കുന്നതിൽ അധികൃതർക്ക് വീഴ്ച ഉണ്ടായെന്നാണ് നാട്ടുകാരുടെ പരാതി. രോഗബാധ സംശയം ഉയർന്നിട്ടും പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പ് വീഴ്ച വരുത്തിയെന്ന് ആക്ഷേപമുണ്ട്.
തിരുവനന്തപുരത്ത് ഇത് ആദ്യമായാണ് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. രോഗബാധ സംശയിക്കുന്ന ഒരാൾ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്. ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതലുകളെടുക്കണം. മലിനമായ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാൽ ഉടൻ ചികിത്സ തേടണമെന്നാണ് നിര്‍ദേശം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam