കോഴിക്കോട് സ്വദേശിനിയായ പ്രഭാവതിയമ്മ, ഫൂട്ട്പാത്തിലൂടെ നിയമവിരുദ്ധമായി ബൈക്ക് ഓടിച്ച യാത്രികനെ തടഞ്ഞു. കാൽനടയാത്രക്കാർക്കുള്ള വഴി തടസ്സപ്പെടുത്തിയതിനെതിരെ ധീരമായി പ്രതികരിച്ച അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

കോഴിക്കോട്: ഫൂട്ട്പാത്തിലേക്ക് അനധികൃതമായി ഇരുചക്രവാഹനം കയറ്റിയ യാത്രികനെ വിരട്ടിവിട്ട വയോധികയുടെ പ്രവർത്തിക്ക് കൈയ്യടിച്ച് കേരളം. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയാണ് ഏറെ ചർച്ചയായിരിക്കന്നത്. കോഴിക്കോട് സ്വദേശിനിയായ പ്രഭാവതിയമ്മയാണ് ഏവരുടെയും അഭിമാന താരമായി മാറിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ സിഗ്നലിന് സമീപത്തുനിന്നുള്ള ദൃശ്യമാണ് പ്രചരിക്കുന്നത്. ഒരു സ്‌കൂട്ടർ യാത്രികൻ നിയമം ലംഘിച്ച് റോഡരികിലെ ഫൂട്ട്പാത്തിലേക്ക് വാഹനം കയറ്റുകയായിരുന്നു. ഇതുവഴി വന്ന പത്മാവതിയുടെ മുൻപിലേക്കാണ് ഇയാൾ സ്‌കൂട്ടറുമായി കയറിയത്. കാൽനടയാത്രികർക്കായുള്ള വഴിയിലൂടെ സ്‌കൂട്ടറുമായി പോകാനുള്ള ഇയാളുടെ ശ്രമം തെല്ലൊരാലോചനക്ക് പോലും ഇട നൽകാതെ പ്രഭാവതിയമ്മ തടഞ്ഞു. ഇയാൾ പല വിധത്തിലും വയോധികയെ കടന്നു പോകാൻ ശ്രമിച്ചെങ്കിലും കാൽ ഉൾപ്പെടെ നിവർത്തി വച്ച് പ്രഭാവതിയമ്മ തടയുകയായിരുന്നു. ഒടുവിൽ സഞ്ചിയിൽ നിന്നും മൊബൈൽ ഫോണെടുത്ത് ദൃശ്യങ്ങൾ പകർത്താൻ ഒരുങ്ങിയതോടെയാണ് സ്‌കൂട്ടർ യാത്രികൻ പിൻവാങ്ങിയത്. 

സമീപത്തെ സ്ഥാപനത്തിൽ നിന്നും ഈ ദൃശ്യങ്ങളെല്ലാം ഒരാൾ പകർത്തി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. കൺമുന്നിൽ തെറ്റ് കണ്ട ഉടൻ തന്നെ യാതൊരു മടിയും കൂടാതെ പ്രതികരിച്ച പ്രഭാവതിയമ്മയുടെ പ്രവർത്തി നിമിഷ നേരം കൊണ്ടുതന്നെ കേരളക്കരയാകെ ഏറ്റെടുക്കുകയായിരുന്നു. മോട്ടോർ വാഹന വകുപ്പും ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.