
കൊല്ലം: കൊല്ലം പരവൂരിൽ ആത്മഹത്യ ചെയ്ത അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ തൊഴിലിടത്തിൽ മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. സഹപ്രവർത്തകനായ എപിപി പരിഹസിച്ചിരുന്നുവെന്ന് വ്യക്തമാകുന്ന അനീഷ്യയുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് എസിപിയായി ചുമതലയേറ്റ എൻ. ഷിബുവിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
'ഡിഡിപി എന്നെ വിളിച്ചിട്ട് അനീഷ്യ പോകാൻ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു. സാറേ.എൻ്റെ അവസ്ഥ ഇങ്ങനെയാണ്. പെയിൻ സഹിക്കാൻ വയ്യ. ഹോസ്പിറ്റലിലേക്ക് പോകുകയാണ്. എനിക്ക് അവിടെ പോകാൻ പറ്റില്ല. നിർബന്ധിച്ചാൽ എനിക്ക് ലീവ് എടുക്കാനേ നിവൃത്തിയുള്ളൂ. ഞാൻ ജൂറിസ്ഡിക്ഷൻ വിടാനുള്ള പെർമിഷൻ ചോദിച്ച് ലീവ് ആപ്ലിക്കേഷൻ കൊടുത്തു. അന്ന് രാത്രി മുതൽ. ഈ സംഭവത്തോടെ എന്നെ പരിഹസിക്കാൻ തുടങ്ങി. രാത്രി എന്തിനാണ് ലീവ് എടുത്തേ. രാത്രി ആര് ലീവെടുക്കും. അവൻ ഞാൻ എൻ്റെ അനിയനെപ്പോലെ കണ്ട് അനിയാ എന്ന് വിളിച്ചിട്ടുണ്ട് അവനെ' അനീഷ്യയുടെ ഓഡിയോ സന്ദേശം ഇപ്രകാരം.
അർദ്ധരാത്രിയിൽ കിളിക്കൊല്ലൂർ സ്റ്റേഷനിലെ ഒരു കേസിൽ അനാരോഗ്യം കാരണം ഹാജരാകാൻ വിസമ്മതിച്ചപ്പോൾ ജൂനിയറായ എപിപി, അനീഷ്യയെ പരിഹസിച്ചെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശമാണിത്. സഹപ്രവർത്തകൻ അവധിയെടുക്കുമ്പോൾ എടുക്കേണ്ടി വരുന്ന അധിക ജോലിയിൽ അനീഷ്യയ്ക്ക് മാനസിക സമ്മർദ്ദമുണ്ടായിരുന്നെ ബന്ധുക്കളുടെ മൊഴി ശരിവയ്ക്കുന്നതാണ് ശബ്ദ സന്ദേശം. തുടർച്ചയായി സഹപ്രവർത്തകൻ അവധിയിൽ പോകുന്നതിലായിരുന്നു അമർഷം.
അതിനിടെ എ സി പി എൻ. ഷിബുവിൻ്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അനീഷ്യയുടെ ബന്ധുക്കളുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. അനീഷ്യയുടെ സുഹൃത്തുക്കളുടേയും മൊഴിയെടുക്കും. ആരോപണ വിധേയരെ ചോദ്യം ചെയ്ത് ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കേസെടുക്കുന്നതിൽ തീരുമാനമെടുക്കും. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് അനീഷ്യയുടെ കുടുംബത്തിൻ്റെ തീരുമാനം.
പരവൂർ പൊലീസ് രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണത്തിനെടുത്ത എഫ് ഐ ആറിൽ എട്ട് ദിവസം കഴിഞ്ഞിട്ടും മാറ്റം വരുത്താത്തതിൽ അതൃപ്തിയുണ്ട് കുടുംബത്തിന്. അതിനിടെ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയെന്ന ആരോപണത്തിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വിനോദ് ബാർ അസോസിയേഷന് പരാതി നൽകി. കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്ക്കും അനീഷയ്ക്ക് വേണ്ടി വിവരാവകാശ അപേക്ഷ നൽകിയ അഭിഭാഷകൻ കുണ്ടറ ജോസിനുമെതിരെയാണ് പരാതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam