'അപൂർവ രോഗം ബാധിച്ച മകനെ വളർത്താൻ മാർഗമില്ല'; ദയാവധം ആവശ്യപ്പെട്ട കുടുംബത്തിന് കൈത്താങ്ങായി ശിശുക്ഷേമ സമിതി

Published : Jan 30, 2024, 10:00 AM ISTUpdated : Jan 30, 2024, 11:05 AM IST
'അപൂർവ രോഗം ബാധിച്ച മകനെ വളർത്താൻ മാർഗമില്ല'; ദയാവധം ആവശ്യപ്പെട്ട കുടുംബത്തിന് കൈത്താങ്ങായി ശിശുക്ഷേമ സമിതി

Synopsis

കുട്ടികളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തര നടപടി എടുക്കുമെന്ന് ശിശുക്ഷേമ സമിതി കുടുംബത്തിന് ഉറപ്പുനൽകി.

കോട്ടയം: അപൂർവ രോഗം ബാധിച്ച മകനെ വളർത്താൻ മാർഗ്ഗമില്ലാത്തതിന്റെ പേരിൽ ദയാവധം ആവശ്യപ്പെട്ട കുടുംബത്തിന്റെ പ്രശ്ന പരിഹാരത്തിന് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ ഇടപെടൽ. ദയാവധം ആവശ്യപ്പെട്ട് രംഗത്തെത്തിയ കൊഴുവനാലിലെ സ്മിത ആൻ്റണിയുടെ മക്കളെ അധ്യക്ഷന്റെ നേതൃത്വത്തിൽ ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങൾ സന്ദർശിച്ചു. കുട്ടികളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തര നടപടി എടുക്കുമെന്ന് ശിശുക്ഷേമ സമിതി കുടുംബത്തിന് ഉറപ്പുനൽകി.

ഓട്ടിസത്തിനൊപ്പം അപൂര്‍വ രോഗവും ബാധിച്ച മകനെ വളര്‍ത്താന്‍ മാര്‍ഗമില്ലാത്തതിനാല്‍ ദയാവധത്തിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസമാണ് കൊഴുവനാൽ സ്വദേശിനി സ്മിത ആൻ്റണി കോട്ടയത്ത് വാർത്താ സമ്മേളനം നടത്തിയത്. കുടുംബം ഉന്നയിക്കുന്ന പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ജില്ലാ ശിശുക്ഷേമ സമിതിയുടെ ഇടപെടൽ. ചെയർമാൻ ഡോക്ടർ അരുൺ കുര്യന്റെ നേതൃത്വത്തിലാണ് ശിശുക്ഷേമ സമിതി അംഗങ്ങൾ സ്മിതയുടെ വീട്ടിലെത്തിയത്. രോഗബാധിതരായ രണ്ട് കുട്ടികളുടെയും അവസ്ഥ സമിതി നേരിട്ട് മനസ്സിലാക്കി. കുട്ടികൾക്ക് മതിയായ പരിചരണവും ചികിത്സയും നൽകാൻ പഞ്ചായത്തിൻ്റെ ഇടപെടൽ ഉറപ്പാക്കുമെന്ന് ശിശുക്ഷേമ സമിതി അധ്യക്ഷൻ വ്യക്തമാക്കി. ഏറ്റവും അടുത്തുള്ള ബ്ലോക്ക് റിസോഴ്സ് സെൻ്ററിൽ ഇതിനായുള്ള ക്രമീകരണങ്ങൾ ഒരുക്കും.

മാതാപിതാക്കളിൽ ഒരാൾക്ക് പഞ്ചായത്തിൽ തന്നെ ജോലി നൽകണമെന്ന ആവശ്യത്തിൽ ശിശുക്ഷേമ സമിതി ഉറപ്പൊന്നും നൽകിയില്ല. വിഷയം കളക്ടറടക്കം ഉന്നത ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തും. ശിശുക്ഷേമ സമിതിയുടെ ഇടപെടലിൽ കുടുംബവും സന്തോഷം അറിയിച്ചു. മൂന്ന് മക്കളിൽ രണ്ട് പേർക്ക് ഓട്ടിസം ബാധിക്കുകയും ഓട്ടിസം ബാധിതനായ ഒരു കുട്ടിക്ക് അപൂര്‍വ രോഗമായ സോള്‍ട്ട് വേസ്റ്റിംഗ് കണ്ടിജന്‍റല്‍ അഡ്രിനാല്‍ ഹൈപ്പര്‍പ്ലാസിയ കൂടി ഉണ്ടാവുകയും ചെയ്തതോടെയാണ് സ്മിതയും കുടുംബവും പ്രതിസന്ധിയിലായതും ദയാവധം ആവശ്യപ്പെട്ട് രംഗത്ത് വന്നതും.

PREV
click me!

Recommended Stories

പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം
ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ