തിരുവനന്തപുരത്ത് സൈക്കിളിൽ യാത്ര ചെയ്ത പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമം, പ്രതി പിടിയിൽ

By Web TeamFirst Published Feb 1, 2023, 9:26 PM IST
Highlights

തിരുവനന്തപുരം: നഗരത്തിൽ വീണ്ടും പെണ്‍കുട്ടിക്കു നേരെ ആക്രമണ ശ്രമം


തിരുവനന്തപുരം: നഗരത്തിൽ വീണ്ടും പെണ്‍കുട്ടിക്കു നേരെ ആക്രമണ ശ്രമം. ഇന്നലെ രാത്രിയില്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിക്കു നേരെയാണ് കൈയറ്റ ശ്രമമുണ്ടായത്. മ്യൂസിയം വെള്ളയമ്പലം റോഡിൽ വച്ചാണ് ആക്രമണ ശ്രമമുണ്ടായത്.  ബൈക്കിൽ സഞ്ചരിച്ച പ്രതിയാണ് പെണ്‍കുട്ടിയെ പിടിക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ മ്യൂസിയം പൊലിസിൽ പരാതി നൽകുകയായിരുന്നു. വൈകുന്നേരത്തോടെ പ്രതിയായ പേയാട് സ്വദേശി മനുവിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാളെ റിമാൻഡ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. 

കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിൽ രാത്രി  ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥിനികളെ ബൈക്കിലെത്തിയ യൂവാവ് കയറിപ്പിടിച്ചതായിരുന്നു അവസാനം റിപ്പോർട്ട് ചെയ്ത സംഭവം.  മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്തും വഞ്ചിയൂര്‍ കോടതി പരിസരത്തും പ്രഭാത നടത്തത്തിന് ഇറങ്ങിയ സ്ത്രീകൾക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു ഇരുട്ടിന്‍റെ മറവിൽ വീണ്ടും അതിക്രമം നടന്നത്. 

പണ്ഡിറ്റ് കോളനിയിൽ യുവധാര ലൈനിൽ ശനിയാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് ബസിൽ വന്നിറങ്ങി ഹോസ്റ്റലിലേക്ക് നടക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ യുവാവ് പിന്നിലൂടെ വന്ന് കയറിപ്പിടിക്കുന്നത്. നാല് വിദ്യാര്‍ത്ഥിനികൾ ഒരുമിച്ച് നടന്ന് വരുന്നതും അവര്‍ക്കരികിലേക്ക് ബൈക്കുമായി അക്രമി നീങ്ങുന്നതും എല്ലാം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.  

Read more:  'അഞ്ച് മണിക്ക് തുടങ്ങരുത്', തലസ്ഥാന നഗരിയിൽ തട്ടുകടകൾക്ക് കർശന നിയന്ത്രണം; സമയക്രമം പാലിച്ചില്ലെങ്കിൽ നടപടി

മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിസരത്തും വഞ്ചിയൂര്‍ കോടതി പരിസരത്തുമടക്കം  തലസ്ഥാന നഗരത്തിൽ  സ്ത്രീകൾക്ക് നേരെ ആക്രമണം നടന്നതും പ്രതിയെ പിടിക്കാൻ എടുത്ത കാലതാമസവും എല്ലാം നേരത്തെ വലിയ വിവാദമായിരുന്നു. ഇതിനിടെയാണ് നഗര ഹൃദയത്തിൽ വീണ്ടും ഏറെക്കുറെ സമാനമായ സംഭവം ഉണ്ടാകുന്നത്. 

click me!