മലപ്പുറം അമരമ്പലത്ത് പുലി ശല്യം രൂക്ഷമായി തുടരുന്നു. വെള്ളിയാഴ്ച രാത്രിയും നരിപ്പൊയിൽ ഭാഗത്ത് പുലിയെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിൽ. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ വൈകുമെന്നതിനാൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 

മലപ്പുറം: അമരമ്പലത്ത് പുലി ശല്യത്തിന് അറുതിയായില്ല. വെള്ളിയാഴ്ച രാത്രിയും തോട്ടേക്കാട് നരിപ്പൊയിൽ ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശവാസികള്‍ വലിയ ഭീതിയിലാണ് കഴിയുന്നത്. വെള്ളിയാഴ്ച രാത്രി 8.30ഓടെ നരിപ്പൊയിലിലെ കരിമ്പന ഷംനയുടെ വീടിന് സമീപമാണ് ആദ്യം പുലിയെ കണ്ടത്. വീട്ടിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോള്‍ പുലി മുറ്റം വഴി ഓടി തൊട്ടടുത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് മറയുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് അമരമ്പലം ആര്‍.ആര്‍.ടി അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ, വാര്‍ഡ് അംഗം ടോണി വര്‍ഗീസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പുലിഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് അടിയന്തരമായി ജനജാഗ്രത സമിതി യോഗം വിളിക്കുകയും സുരക്ഷ നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതിന്റെ ഭാഗമായി പുലിയെ കണ്ട തോട്ടേക്കാട് ഭാഗങ്ങളില്‍ നിരീക്ഷണത്തിനായി വനം വകുപ്പ് കാമറകള്‍ സ്ഥാപിച്ചു. പ്രദേശത്ത് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ കൂട് എത്തിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കുമെന്നാണ് വനം വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പുലി ശല്യം തുടരുന്ന സാഹചര്യ ത്തില്‍ രാത്രികളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.