
ഇടുക്കി: വയനാട് തൊവരി മലയ്ക്ക് പിന്നാലെ ഇടുക്കി സൂര്യനെല്ലിയിലും ഭൂസമരം ശക്തമാകുന്നു. വയനാട്ടില്‍ ആദിവാസികളാണ് സമര രംഗത്തെങ്കില്‍ ഇടുക്കിയില്‍ ഹാരിസണ്‍ ഏസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളാണ് ഒരാഴ്ചയായി സമരരംഗത്തുള്ളത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടുക്കിയില്‍ ഭൂമിപ്രശ്നം വീണ്ടും ശക്തമാക്കുന്നത്.
സൂര്യനെല്ലിയിലെ ഹാരിസണ്‍ തോട്ടങ്ങളില്‍ ജോലിചെയ്യുന്ന ഭൂരഹിതരായ തൊഴിലാളികള്‍ക്ക് ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ സമരം ആരംഭിച്ചത്. ഭൂമി നൽകുമെന്ന് മാറി മാറി വരുന്ന സർക്കാരുകൾ പ്രഖ്യാപനം നടത്തും. എന്നാൽ വർഷമിത്രയായിട്ടും ഒരു നടപടിയുമാവാതെ വന്നതോടെയാണ് ഇവർ റവന്യൂഭൂമിയിൽ കുടിൽകെട്ടി സമരം ആരംഭിച്ചത്.
ഒരാഴ്ച മുമ്പാണ് ഒരു വിഭാഗം സിപിഐ - കോണ്‍ഗ്രസ് പ്രാദേശീക നേത്യത്വത്തിന്‍റെ പിന്തുണയോടെ സമരം തുടങ്ങിയത്. ഏതാണ്ട് 400 തൊഴിലാളികള്‍ സമരരംഗത്തുണ്ടെന്ന് സമരത്തിന് നേതൃത്വം നല്‍ക്കുന്ന രാജേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഇതില്‍ ഇരുന്നൂറിലധികം പേര്‍ ജോലിയില്‍ നിന്നും വിരമിച്ചവരാണ്. എന്നാല്‍ ഇവരെല്ലാം തന്നെ ഭൂരഹിതരുമാണ്.
മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയെങ്കിലും ചിന്നക്കനാല്‍ മേഖലയില്‍ ഉള്ളവരെ ഒഴിവാക്കിയെന്നാണ് സമരക്കാരുടെ ആരോപണം. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ട് ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥികളോട് ഭൂമി പ്രശ്നം ചൂണ്ടിക്കാട്ടിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ലെന്നും സമരക്കാര്‍ ആരോപിച്ചു.
ഇതോടെയാണ് തൊഴിലാളികള്‍ സര്‍ക്കാര്‍ ഭൂമി കുടില്‍കെട്ടി കൈയ്യേറ്റം ആരംഭിച്ചത്. സൂര്യനെല്ലിയോട് ചേര്‍ന്നുള്ള തിരുവള്ളൂര്‍ കോളനിക്ക് സമീപത്തെ മൂന്നര ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് തൊഴിലാളികള്‍ കൈയ്യടക്കിയിരിക്കുന്നത്. വിവിധ ദളിത് സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയിട്ടുണ്ട്.
ഭൂമി മാഫിയകൾക്കായി എന്ത് ഒത്താശയും ചെയ്യുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ ന്യായമായ ആവശ്യം കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് സമരക്കാര്‍ ആരോപിച്ചു. ഈ അനീതി കൂടി ബോധ്യപ്പെടുത്താനാണ് ആര്‍ഡിഎസ് എന്ന സ്വകാര്യ കമ്പനിയുടെ കയ്യേറ്റം കണ്ടെത്തി സർക്കാർ തിരിച്ചുപിടിച്ച ഭൂമി തന്നെ സമരത്തിനായി തെരഞ്ഞെടുത്തതെന്ന് സമരക്കാർ പറയുന്നു. കോണ്‍ഗ്രസിന്‍റെയും സിപിഐയുടെയും പ്രദേശീക നേതൃത്വം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam