ഇടുക്കി ലോക്കാട് ഗ്യാപ്പില്‍ വീണ്ടും മലയിടിച്ചില്‍; കൃഷിയിടങ്ങളും തടയണയും തകര്‍ന്നു

By Web TeamFirst Published Aug 6, 2020, 11:26 PM IST
Highlights

ജൂണ്‍ 17നുണ്ടായ മലയിടിച്ചിലില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് തഹസീല്‍ദാര്‍, റവന്യൂ - പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ മലയിടിച്ചില്‍.

ഇടുക്കി: കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിലെ ദേവികുളം ലോക്കാട് ഗ്യാപ്പിൽ വീണ്ടും മലയിടിച്ചില്‍. ഇളകി നിന്നിരുന്ന പാറക്കൂട്ടങ്ങളും മണ്ണും മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തി അടിവാരത്ത് കിളവിപാറയിലെ നിരവധിപ്പേരുടെ കൃഷിയിടങ്ങള്‍ തകര്‍ത്തു. ഒരു തടയണ തകര്‍ന്നു. കഴിഞ്ഞ തവണയുണ്ടായ മലയിടിച്ചിലില്‍ കൃഷിനാശം നേരിട്ട കര്‍ഷകരുമായി തഹസീല്‍ദാരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ സംഭവം.

ജൂണ്‍ 17ന് അവസാനമായി വലിയതോതില്‍ മലയിടിഞ്ഞ ഭാഗത്ത് ബുധനാഴ്ച രാവിലെ ചെറിയ ഉരുള്‍പൊട്ടല്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് രാത്രിയില്‍ പാറക്കൂട്ടങ്ങളും, മണ്ണും വന്‍തോതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. അടിവാരത്തെ കിളവിപാറയില്‍ നിരവധി ഏക്കറിലെ ഏലം ഉള്‍പ്പെടെയുള്ള കൃഷി നശിച്ചു.

കുന്നേല്‍ ബേബിയുടെ നാലേക്കറോളവും, പറക്കാലായില്‍ സജിയുടെ ഒരേക്കറോളവും, കരീം എസ്റ്റേറ്റിലെ 5 ഏക്കറോളവും, പാറക്കാലായില്‍ അനുമോന്റെ ഒരേക്കറോളവും, പുകമല ഗോപിയുടെ അരയേക്കറോളവും സ്ഥലത്തെ കൃഷി നശിച്ചു. പ്രദേശവാസിയായ പളനിവേലിന്റെ വീടിന്റെ മുറ്റം വരെ ചെളി ഒഴുകിയെത്തി. ഇയാളുടെ വീടിന്റെ പിന്‍ഭാഗത്തെ തിട്ട ഇടിഞ്ഞിട്ടുമുണ്ട്. 

സമീപത്തെ മുത്ത്, മുത്തയ്യ എന്നിവരുടെ വീടുകളും, മൂന്ന് സ്റ്റോര്‍ കെട്ടിടങ്ങളും അപകട ഭീഷണിയിലായിരിക്കുകയാണ്. കരീം എസ്റ്റേറ്റ് ഭാഗത്തെ ചെറിയ തടയണയും, വേണാട് - കിളവിപാറ റൂട്ടിലെ ചെറിയ നടപ്പാലവും തല്‍കര്‍ന്നു. ജൂണ്‍ 17നുണ്ടായ മലയിടിച്ചിലില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് തഹസീല്‍ദാര്‍, റവന്യൂ - പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ മലയിടിച്ചില്‍.

click me!