പ്രസവ വാർഡ് , ഓപ്പറേഷൻ തിയേറ്റർ എന്നിവയും പുതിയ കെട്ടിടത്തിൽ ഉണ്ട്. രണ്ടിലും മൂന്നിലും 8 കിടക്കകൾ വീതമുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും 2 വീതം വാർഡുകൾ ഉണ്ടാവും.

തിരുവനന്തപുരം: മലയിൻകീഴ് പഞ്ചായത്തിലെ മണിയറവിളയിൽ പ്രവർത്തിക്കുന്ന കാട്ടാക്കട താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കിഫ്ബിയിൽ നിന്നും 23.3 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൌകര്യങ്ങളോട് കൂടി നിർമിച്ച ബഹുനില മന്ദിരം 27ന് വൈകിട്ട് 5ന് മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ ഐ.ബി സതീഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. അത്യാഹിത വിഭാഗം, റിസപ്ഷൻ, വെയ്റ്റിങ് ഏരിയ, ഫാർമസി എന്നിവ ഏറ്റവും താഴത്തെ നിലയിലും വിവിധ ഒപികൾ, ദന്തചികിത്സാ യൂണിറ്റ് എന്നിവ ഒന്നാം നിലയിലും പ്രവർത്തിക്കും.

പ്രസവ വാർഡ് , ഓപ്പറേഷൻ തിയേറ്റർ എന്നിവയും പുതിയ കെട്ടിടത്തിൽ ഉണ്ട്. രണ്ടിലും മൂന്നിലും 8 കിടക്കകൾ വീതമുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും 2 വീതം വാർഡുകൾ ഉണ്ടാവും. അവസാന നിലയിലാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് പ്രവർത്തിക്കുക. ഏഴുനിലയുള്ള കെട്ടടത്തിലെ എല്ലാ നിലയിലും ശുചിമുറികൾ ഉണ്ട്. നേരത്തെ ഒപിയും കാഷ്വൽറ്റിയും പ്രവർത്തിച്ചിരുന്ന കാലപ്പഴക്കം ചെന്ന ഓടിട്ട കെട്ടിടം പൊളിച്ചാണ് പുതിയത് പണിത്. നിലവിൽ 1.30 കോടി ചിലവിൽ നിർമ്മിച്ച ഡയാലിസിസ് യൂണിറ്റും ഡിജിറ്റൽ എക്സ് റേ യൂണിറ്റുകൾ, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ലാബ് എന്നിവയും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്.

കാട്ടാക്കട മണ്ഡലത്തിലെ 6 പഞ്ചായത്തുകളിൽ നിന്നുള്ള ജനങ്ങളുടെ ദീർഘകാലത്തെ ആവിശ്യമാണ് കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടത്തിലേക്ക് താലൂക്ക് ആശുപത്രി മാറുന്നതോടെ പൂവണിയുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ 5 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയും 36 ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ അനുവദിച്ചും പ്രാഥമിക ആരോഗ്യമേഖലയെ സുശക്തമാക്കി. താലൂക്ക് ആശുപത്രി കൂടി പ്രവർത്തന സജ്ജമാകുന്നതോടെ ഇരുപത്തിനാല് മണിക്കൂറും ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്ന മണ്ഡലമായി കാട്ടാക്കട മാറും. നാളിതുവരെ കണ്ടിട്ടില്ലാത്ത വന്‍കിട വികസന പദ്ധതിയാണ് മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സാധ്യമാക്കിയത്.

27ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എം.പിമാരായ അടൂർ പ്രകാശ്, ശശി തരൂർ, രാജ്യസഭാംഗം എ.എ റഹിം, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ രാജൻ എൻ ഖോബ്ര​ഗഡെ ഐഎഎസ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, നേമം ബോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി ഷൺമുഖം, മലയിൻകീഴ് ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് നിയാദുൽ അക്സർ എസ് എച്ച്, നേമം ബോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റിയംഗം നിഷി വൈ ജെ, മലയിൻകീഴ് ഡിവിഷൻബോക്ക് പഞ്ചായത്ത് അംഗം എസ് ചന്ദ്രൻ നായർ, ഓഫീസ് വാർഡ് മെമ്പർ ഷാജി, ആരോഗ്യവകുപ്പ്ഡയറക്ടർ റീന കെ ജെ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അനോജ് എസ്, മലയിൻകീഴ് സൂപ്രണ്ട് ഡോ. അഞ്ജലി എൻ യു തുടങ്ങിയവർ പങ്കെടുക്കും.