
തിരുവനന്തപുരം: പെരുന്തേനരുവി ഡാമിന്റെ ഷട്ടറുകൾ തുറന്നു വിട്ട സംഭവത്തിൽ കെഎസ്ഇബിയോട് റിപ്പോർട്ട് തേടിയതായി ഡാം സുരക്ഷ അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. ഡാമുകളുടെ സുരക്ഷ വർധിപ്പിക്കണമെന്ന് നേരത്തെ നിർദേശിച്ചിരുന്നതാണെന്നും ചെയർമാൻ വിശദമാക്കി. കഴിഞ്ഞ മൂന്ന് മാസമായി ഡാമിന് സെക്യൂരിറ്റി ജീവനക്കാർ ഇല്ലെന്ന് ചുമതലയുള്ള എക്സിക്യുട്ടീവ് എൻജിനീയർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.
ഡാം തുറക്കുന്നതിനുള്ള റിമോട്ട് ടൈപ്പ് സ്വിച്ച് ഉപയോഗിച്ച് തുറന്ന് വിട്ടത് സുരക്ഷാ വീഴ്ച വ്യക്തമാക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട പെരുന്തേനരുവി അണക്കെട്ടിന്‍റെ ഷട്ടർ സാമൂഹ്യ വിരുദ്ധർ തുറന്ന് വിട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കെഎസ്ഇബിയുടെ പരാതിയെ തുടർന്ന് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് പെരുന്തേനരുവി ചെറുകിട ജലപദ്ധതിയുടെ ഷട്ടർ സാമൂഹ്യ വിരുദ്ധർ തുറന്ന് വിട്ടത്. 20 മിനിട്ടിലധികം നേരം വെള്ളം നദിയിലൂടെ ഒഴുകിപോയി. സമീപത്ത് കിടന്നിരുന്ന കടത്ത് വളളത്തിന് സാമൂഹ്യ വിരുദ്ധർ തീയിടുകയും ചെയ്തു. വള്ളം കത്തുന്നത് കണ്ട് എത്തിയ പ്രദേശവാസിയായ റോയി എന്നയാളാണ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.
വരണ്ട് കിടക്കുന്ന നദിയിലൂടെ വെള്ളമൊഴുകുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് ഷട്ടർ തുറന്നിട്ടുണ്ടാകാമെന്ന സംശയത്തിനിടയാക്കിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഷട്ടർ അടച്ചു. തുടർന്ന് കെഎസ്ഇബി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പെരിനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ തഹസിൽദാരോടും ഡാം സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരോടും കലക്ടർ റിപ്പോർട്ട് തേടി.
പ്രളയത്തിൽ പെരുന്തേനരുവി ജല പദ്ധതിയുടെ ഉപകരണങ്ങൾക്ക് കേടുപാടുകൾ പറ്റിയതിനാൽ വൈദ്യുതോത്പാദനം കുറച്ചിരുന്നു. 6 മെഗാവാട്ട് ശേഷിയുള്ളതാണ് പദ്ധതി. സാമൂഹ്യവിരുദ്ധർക്ക് ഷട്ടർ തുറന്ന് വിടാൻ കഴിഞ്ഞ സംഭവം ഡാം സുരക്ഷയിൽ വലിയ വീഴ്ച ഉണ്ടായതിന്‍റെ തെളിവായാണ് ചൂണ്ടികാണിക്കപെടുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam