
റാന്നി: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ മുറിവ് തുന്നികെട്ടിയതിൽ വീഴ്ച പറ്റിയെന്ന പരാതിയുമായി രോഗി. മുറിവ് തുന്നിയ ഭാഗത്ത് ഉറുമ്പുകളെ കണ്ടെത്തിയെന്നാണ് ബ്ലോക്ക്പടി സ്വദേശി സുനിലിന്റെ പരാതി. ചികിത്സ പിഴവു കാരണം മുറിവ് വീണ്ടും തുറക്കുകയും തുന്നുകയും ചെയ്യേണ്ടിവന്നുവെന്നും സുനിൽ പറയുന്നു. ആരോഗ്യമന്ത്രിക്ക് പരാതി നൽകാനാണ് കുടുംബത്തിൻ്റെ തീരുമാനം.
റാന്നി ബ്ലോക്ക്പടി സ്വദേശി സുനിൽ എബ്രഹാമിനു ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആണ് രക്തസമ്മർദ്ദം കുറഞ്ഞ് വീണ് നെറ്റിയിൽ പരിക്കുപറ്റിയത്. ഏഴു മണിയോടെ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുറിവിൽ അഞ്ച് തുന്നലുകൾ ഇട്ടു. സി.ടി. സ്കാനെടുക്കാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. എന്നാൽ യാത്രമധ്യേ മുറിവ് തുന്നിയ ഭാഗത്ത് അസഹനീയമായ വേദനയുണ്ടായി എന്നാണ് സുനിൽ പറയുന്നത്. പത്തനംതിട്ടയിലെ സ്കാനിംഗ് റിപ്പോർട്ട് വന്നതോടെ സുനിലും ഒപ്പമുണ്ടായിരുന്നവരും ഞെട്ടി.
തുന്നിക്കെട്ടിയ മുറിവിനുള്ളിൽ ഉറുമ്പുകളെയാണ് സ്കാനിൽ കണ്ടത്. രണ്ട് ഉറുമ്പുകളെയാണ് അൽപം മുൻപ് ചികിത്സ തേടിയ മുറിവിനുള്ളിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ റാന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് ആദ്യമിട്ട തുന്നൽ ഇളക്കിയ ശേഷം ഉറുമ്പുകളെ നീക്കി പത്തനംതിട്ടിലെ ഡോക്ടർമാർ വീണ്ടും മുറിവ് തുന്നിക്കെട്ടിയെന്ന് സുനിൽ പറയുന്നു. മൂന്നര മണിക്കൂറിന്റെ ഇടവേളയിൽ ആയിരുന്നു നെറ്റിയിലെ ഈ രണ്ട് തുന്നിക്കെട്ടലുകളും.
തുന്നിക്കെട്ടിയ ഭാഗത്ത് പുറത്തുനിന്നുള്ള എന്തോ വസ്തു ഉണ്ടായിരുന്നുവെന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ചികിത്സാ രേഖയിൽ കുറിച്ചിട്ടുണ്ട്. റാന്നി താലൂക്ക് ആശുപത്രി ജീവനക്കാർ മുറിവ് വൃത്തിയാക്കിയതിൽ വന്ന വീഴ്ചയാണ് ഉറുമ്പുകളെ കണ്ടെത്തിയതിന് പിന്നിൽ എന്നാണ് സുനിലും കുടുംബവും പറയുന്നത്. ആശുപത്രി ആർഎംഒയെ നേരിൽ കണ്ട് രോഗി ബുദ്ധിമുട്ട് പറഞ്ഞെങ്കിലും രേഖാമൂലം പരാതി നൽകിയില്ല. എങ്കിലും സംഭവം അന്വേഷിക്കുമെന്ന് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam