
പത്തനംതിട്ട:ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. പകൽ 1.15ന് ആറന്മുള സത്രക്കടവിൽ റവന്യുമന്ത്രി കെ രാജൻ ജലമേള ഉദ്ഘാടനം ചെയ്യുന്നതോടെ പരിപാടിക്ക് തുടക്കമാകും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ അധ്യക്ഷനാകും.ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജലഘോഷയാത്രയ്ക്ക് ശേഷം മത്സര വള്ളംകളി നടക്കും. 51 പള്ളിയോടങ്ങൾ ഘോഷയാത്രയുടെ ഭാഗമാകും. എ, ബി ബാച്ചുകളിലായി 50 പള്ളിയോടങ്ങളാണ് ഇക്കുറി മത്സരത്തിൽ പങ്കെടുക്കുന്നത്. വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
1.30ന് പള്ളിയോടങ്ങളുടെ ജലഘോഷയാത്ര ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും. മൂന്നിന് മന്ത്രി റോഷി അഗസ്റ്റിൻ മത്സര വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും. ജലഘോഷ യാത്രയ്ക്ക് ശേഷം കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പ്രകടനവും നടക്കും. 51 പള്ളിയോടങ്ങളാണ് ജലഘോഷയാത്രയിൽ പങ്കെടുക്കുന്നത്. ആദ്യം ബി ബാച്ചിന്റെയും പിന്നീട് എ ബാച്ചിന്റെയും മത്സരമാണ് നടക്കുന്നതെന്ന് പള്ളിയോട സേവാസംഘം അറിയിച്ചു.