
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഈ മാസം പതിനഞ്ചിന് നടക്കുന്ന ജലമേള കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഉദ്ഘാടനം ചെയ്യും. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം ജലമേള ഒഴിവാക്കിയിരുന്നു.
ആറന്മുള പാർത്ഥാസാരഥി ക്ഷേത്രത്തിന്‍റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നടക്കുന്ന ഉത്രട്ടാതി ജലമേളക്ക് മത്സരത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിനാണ്. ഭഗവല്‍സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്ന 52 പള്ളിയോടങ്ങളാണ് ജലമേളയില്‍ മാറ്റുരക്കുക. ഇത്തവണത്തെ ജലമേളക്ക് ഏറെ പ്രത്യേകതകളും ഉണ്ട്. പള്ളിയോടങ്ങളുടെ ചമയം വഞ്ചിപ്പാട്ട്, തുഴച്ചില്‍ക്കാരുടെ വേഷം, ആറന്മുള ശൈലിയിലുള്ള തുഴച്ചില്‍ എന്നിവക്കാണ് വേഗതെയെക്കാള്‍ മുൻഗണന നൽകുന്നത്. അതുകൊണ്ട് തന്നെ ജലമേള ലോകശ്രദ്ധപിടിച്ചുപറ്റുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാർഷികത്തോട് അനുബന്ധിച്ചാണ് ഉത്രട്ടാതി നാളിൽ ജലമേള നടത്തുന്നത്. പള്ളിയോടങ്ങളുടെ ഘോഷയാത്രയോടെയായിരിക്കും ജലമേള ആരംഭിക്കുക. മത്സരത്തിന്‍റെ ഭാഗമായി പള്ളിയോടങ്ങളുടെ ട്രാക്കുകള്‍ തീരുമാനിക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണ്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യ തുടങ്ങിയതോടെ പമ്പയുടെ ഇരുകരകളിലും ജലമേളക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam