
തിരുവനന്തപുരം: കേരളാ പൊലീസിന്‍റെ അഭിമാനമായ അശ്വാരൂഢ സേനയിലെ മിടുക്കന്‍ കുതിര 'അരസാന്‍' ഇനി തടസങ്ങളില്ലാതെ ശ്വസിക്കും. മൂക്കിനകത്ത് ആഴത്തില്‍ വളര്‍ന്ന മുഴ മൂലം കുറച്ചുനാളുകളായി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു അരസാന്‍. അരസാന്‍റെ മൂക്കില്‍ നിന്ന് സങ്കീര്‍ണ്ണവും അത്യപൂര്‍വ്വവുമായ ശസ്ത്രക്രിയ നടത്തി 1.2 കിലോഗ്രാം തൂക്കമുളള വലുപ്പമേറിയ മുഴ നീക്കം ചെയ്ത് ശ്വാസതടസം മാറ്റി. മൗണ്ടഡ് പൊലീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.ലോറന്‍സിന്‍റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം അരസാന്‍ സുഖമായി ഇരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് കുതിരയ്ക്ക് ഇത്തരം ശസ്ത്രക്രിയ നടത്തുന്നത്. ഒരു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയില്‍ അനസ്ത്യേഷ്യ നല്‍കുന്നതുള്‍പ്പെടെയുളള ഘട്ടങ്ങള്‍ അപകടം നിറഞ്ഞതായിരുന്നു. പത്ത് വര്‍ഷം മുമ്പ് കേരളാ പൊലീസിന്‍റെ ഭാഗമായ കുതിരയ്ക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂക്കിനകത്തെ മാംസ വളര്‍ച്ച കണ്ടെത്തിയത്.
"
തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയുടെ നിര്‍ദ്ദേശപ്രകാരം ചികില്‍സക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഒരു മാസത്തെ പൂര്‍ണ്ണവിശ്രമത്തിലാണ് ഇപ്പോള്‍ അരസാന്‍. കുതിര പൊലീസിന്‍റെ ചുമതലയുളള റിസര്‍വ് ഇന്‍സ്പെക്ടര്‍ റ്റി.രാജീവിന്‍റെ നേതൃത്വത്തില്‍ പൊലീസുകാര്‍ ആവശ്യമായ സൗകര്യം ഒരുക്കി.
പൂക്കോട് വെറ്റിനറി കോളേജിലെ ഡോ.സൂര്യദാസിന്‍റെ നേതൃത്വത്തിലുളള വിദഗ്ദ്ധസംഘമാണ് അനസ്ത്യേഷ്യ നല്‍കിയത്. പൂക്കോട് വെറ്റിനറി കോളേജിലെ ദിനേഷ്.പി.റ്റി, ജിനേഷ്കുമാര്‍ എന്‍.എസ്, സീസ്മാ സുബ്രഹ്മണ്യം, സൗല്‍ജയ്.ജെ.എസ്, ശ്രുതി ചന്ദ്രമോഹന്‍, മള്‍ട്ടിസ്പെഷ്യാലിറ്റി വെറ്റിനറി ഹോസ്പിറ്റലിലെ അനൂപ് രാജമണി, തിരുവനന്തപുരം സുവോളജിക്കല്‍ ഗാര്‍ഡനിലെ ജേക്കബ് അലക്സാണ്ടര്‍ എന്നിവരായിരുന്നു സംഘത്തിലെ മറ്റ് ഡോക്ടര്‍മാര്‍. ഡോ. സൂര്യദാസ് പൂക്കോഡ് വെറ്ററിനറി കോളേജിൽ നിന്ന് തത്സമയ വീഡിയോയിലൂടെ അനസ്തേഷ്യ ടീമിനെ നയിച്ചു. വെറ്ററിനറി കോളേജിൽ നിന്ന് തത്സമയ വീഡിയോയിലൂടെ കുതിരയുടെ മൂക്കിലെ മുഴ ശസ്ത്രക്രിയ വഴി മാറ്റുന്നത് ആദ്യമായാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam