ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ

Published : Dec 05, 2025, 08:27 PM IST
 Arrest

Synopsis

കൈപ്പറമ്പ് ഗ്രൗണ്ടില്‍നിന്ന് ബാഡ്മിന്റണ്‍ കളിച്ചതിനുശേഷം തിരിച്ചു വരികയായിരുന്നു അച്ഛനും മകനും സുഹൃത്തും ഉള്‍പ്പെടെയുള്ള മൂന്ന് പേരെയാണ് പ്രതി കൃഷ്ണ കിഷോര്‍ കുത്തിയത്.

തൃശൂര്‍: പേരാമംഗലത്ത് ബൈക്ക് യാത്രക്കിടെ ഹോണടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെയും മകനെയും സുഹൃത്തിനെയുമടക്കം മൂന്ന് പേരെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയില്‍. മുണ്ടൂരിലെ പച്ചക്കറിക്കടയിലെ ജീവനക്കാരനായ കേച്ചേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ കിഷോറിനെയാണ് പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30നാണ് സംഭവം. കൈപ്പറമ്പ് ഗ്രൗണ്ടില്‍നിന്ന് ബാഡ്മിന്റണ്‍ കളിച്ചതിനുശേഷം തിരിച്ചു വരികയായിരുന്നു അച്ഛനും മകനും സുഹൃത്തും ഉള്‍പ്പെടെയുള്ള മൂന്ന് പേരെയാണ് പ്രതി കൃഷ്ണ കിഷോര്‍ കുത്തിയത്. പേരാമംഗലം സ്വദേശി ബിനീഷ്, മകന്‍ അഭിനവ്, സുഹൃത്ത് അഭിജിത്ത് എന്നിവര്‍ക്കായിരുന്നു കുത്തേറ്റത്.

മൂവരും രണ്ടു സ്‌കൂട്ടറുകളിലായി വീട്ടിലേക്ക് വരുന്നതിനിടെ പ്രതി വഴിയില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് നില്‍ക്കുകയായിരുന്നു. ഇതോടെ അഭിജിത്ത് ഹോണ്‍ മുഴക്കിയതാണ് തര്‍ക്കത്തിലേക്കും, കത്തിക്കുത്തിലേക്കും നയിച്ചത്. തൊട്ടു പുറകെ മറ്റൊരു സ്‌കൂട്ടറിലെത്തിയ അഭിജിത്തിന്റെ സുഹൃത്തായ ബിനീഷും മകന്‍ അഭിനവും തര്‍ക്കത്തില്‍ ഇടപെട്ടത്തോടെ പ്രതി കിഷോര്‍ കൃഷ്ണ പ്രകോപിതനായി മൂന്നുപേരെയും കുത്തുകയായിരുന്നു. 

സംഭവത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതി പിന്നീട് ബൈക്ക് ഉപേക്ഷിച്ച് കാറില്‍ വാളയാര്‍ ചെക്ക് പോസ്റ്റ് വഴി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പേരാമംഗലം പോലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത് അറിഞ്ഞ പ്രതി സ്വമേധയാ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം
ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ