
വള്ളിക്കുന്ന്: അരിയല്ലൂരിൽ മോഷ്ടാക്കളാണെന്ന് ആരോപിച്ച് യുവാക്കളെ തെങ്ങിൽ കെട്ടിയിട്ട് ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശികളായ സിവി ബിജു ലാൽ, പികെ സബീഷ്, എടി വേണുഗോപാൽ എന്നിവരാണ് പിടിയിലായത്. പ്രതികൾ സിപിഎം, ബിജെപി പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. തിരൂർ ഡിവൈഎസ്പി കെഎ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പരപ്പനങ്ങാടി അങ്ങാടി കടപ്പുറത്ത് യാറുക്കാൻ പുരയക്കൽ ഷറഫുദ്ദീൻ (40), സുഹൃത്ത് നവാസ് (20) എന്നിവരാണ് ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. നവാസിനെ വള്ളിക്കുന്ന് റെയില്‍വെ സ്‌റ്റേഷനില്‍ കൊണ്ടുവിടാനെത്തിയതായിരുന്നു ഷറഫുദ്ദീൻ. ഇവിടവച്ച് ആള്‍ക്കൂട്ടം ഇരുവരെയും സാരമായി മര്‍ദ്ദിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്തെ നരിക്കുറ്റി പ്രദേശത്തുവച്ചാണ് യുവാക്കളെ തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചത്. മോഷ്ടാക്കളാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
ആയുധങ്ങളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam