
ആലപ്പുഴ: യുക്രൈനിൽ (Ukraine) നിന്ന് നാട്ടിലെത്തിയ ആശ്വാസത്തിൽ മെഡിക്കൽ വിദ്യാർത്ഥി അർജ്ജുൻ ഹരി (Arjun Hari). യുക്രൈനിൽ നിന്ന് രക്ഷപ്പെട്ടെത്തിയതിന്റെ ആശ്വാസത്തിലായിരുന്നു മാന്നാർ സ്റ്റോർമുക്ക് മഹാരാജ പാലസിന് സമീപം ശ്രീപതിയിൽ അർജ്ജുൻ ഹരി എന്ന മെഡിക്കൽ വിദ്യാർത്ഥി. യുക്രൈനിൽ വി എൻ കറാസിൻ ഖർകീവ് നാഷണൽ യൂണിവേഴ്സിറ്റിയിൽ രണ്ടാംവർഷ എം ബി ബി എസ് വിദ്യാർത്ഥിയായ അർജുൻ യുക്രൈനിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടാണ് അവസാന ഫ്ളൈറ്റിൽ നാട്ടിലെത്തിയത്.
യുദ്ധ സാധ്യത കണ്ട് പലരും ടിക്കറ്റുകൾ ബുക്ക് ചെയ്തു കാത്തിരുപ്പുണ്ടെങ്കിലും യുക്രൈന്‍ വിമാനത്താവളം അടച്ചിട്ടപ്പെട്ടതോടെ രണ്ടായിരത്തിൽ കൂടുതൽ മലയാളി വിദ്യാർഥികൾ അവിടെ കുടുങ്ങിക്കിടക്കുന്നതായി അർജ്ജുൻ പറഞ്ഞു. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്ന അർജുനും ഒപ്പം താമസിക്കുന്ന നാല് സഹപാഠികൾക്കും അവസാന നിമിഷമാണ് സീറ്റ് ലഭിക്കുന്നത്. ചൊവ്വാഴ്ച രാത്രി 11.45 നു പതിനാലോളം മലയാളികളുമായി ബസിൽ എട്ടു മണിക്കൂർ സഞ്ചരിച്ച് കീവിലെ വിമാനത്തവാളത്തിലെത്തി യുക്രൈൻ വിമാനത്തിൽ വ്യാഴാഴ്ച രാവിലെ 7:30 നു ഡൽഹിയിൽ എത്തി.
തന്റെ താമസ സ്ഥലത്തിനടുത്തുവരെ സ്ഫോടനങ്ങൾ നടക്കുന്നതായി വാർത്തകളിൽ പറയുന്നുണ്ട്. വൈകിട്ട് 8:30 ന് കൊച്ചിയിൽ വന്നിറങ്ങുമ്പോൾ കൂടുതൽ നടുക്കുന്ന വാർത്തകളാണ് അർജുൻ കേൾക്കുന്നത്. പാതിരാത്രിയിൽ വീട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ടപ്പോഴാണ് അര്‍ജുന് ആശ്വാസമായത്. അണ്ടർ ഗ്രൗണ്ടിലെ മെട്രോസ്റ്റേഷനുകളിൽ ഭക്ഷണം കഴിക്കാതെ സഹപാഠികൾ കഴിയുമ്പോൾ ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലന്നാണ് അർജുൻ പറയുന്നത്. മാതാപിതാക്കളായ എം പി ഹരികുമാറും സുവർണകുമാരിയും സഹോദരി അപർണ ഹരികുമാറും അർജുൻ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ്.
'അവളെ സ്വാതന്ത്ര്യം എന്ന് വിളിക്കും', യുക്രൈനിൽ അഭയകേന്ദ്രത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി
കീവ്: യുക്രൈനെതിരായ റഷ്യൻ യുദ്ധത്തിന്റെ ഭീകരതയ്‌ക്കിടയിൽ, കൈവിലെ ഒരു അഭയകേന്ദ്രത്തിൽ സ്ത്രീ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയമാണ് ശനിയാഴ്ച ട്വിറ്ററിലൂടെ സന്തോഷവാർത്ത പങ്കുവച്ചത്. “ആദ്യം (ഞങ്ങളുടെ അറിവിൽ) കുഞ്ഞ് ജനിച്ചത് കൈവിലെ കത്തുന്ന കെട്ടിടങ്ങൾക്കും റഷ്യൻ ടാങ്കുകൾക്കും സമീപം ഒരു അഭയകേന്ദ്രത്തിലാണ്. ഞങ്ങൾ അവളെ സ്വാതന്ത്ര്യം എന്ന് വിളിക്കും! - ട്വീറ്റിൽ കുറിച്ചു. ഉറങ്ങുന്ന ചിത്രത്തിന്റെ ചിത്രവും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
ഡെയ്‌ലി മെയിൽ റിപ്പോർട്ട് പ്രകാരം പെൺകുഞ്ഞിന് യഥാർത്ഥത്തിൽ മിയ എന്നാണ് പേരിട്ടിരിക്കുന്നത്. ഭൂഗർഭ മെട്രോ സ്റ്റേഷനിൽ അഭയം പ്രാപിച്ച 23 കാരിയായ സ്ത്രീയാണ് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവവേദന അനുഭവപ്പെട്ടപ്പോൾ അമ്മയുടെ സഹായത്തിനെത്തിയ യുക്രൈനിയൻ പൊലീസ് ഉദ്യോഗസ്ഥരാണ് ശുശ്രൂഷ നൽകിയത്. അമ്മയും മകളും ആരോഗ്യത്തോടെ സുഖമായിരിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
'യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ല', വിശദീകരണവുമായി റഷ്യ
കീവ്: യുക്രൈനിലെ (Ukraine) വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്ന് റഷ്യ (Russia). കീവിൽ ഫ്ലാറ്റ് സമുച്ചയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യ നൽകുന്ന വിശദീകരണം. ആക്രമണം നടത്തിയെന്ന റിപ്പോർട്ട് പ്രതിരോധ മന്ത്രാലയം നിരസിച്ചു. കീവിൽ അപ്പാർട്ട്മെന്റിൽ പതിച്ചത് യുക്രൈൻ മിസൈലാണെന്നും റഷ്യ പറഞ്ഞു.
അതേസമയം റഷ്യൻ അധിനിവേശത്തിൽ സൈനികരും സാധാരണ പൌരൻമാരുമായ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ. ആയിരത്തിലധികം പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 ജനവാസകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടുവെന്നാണ് യുക്രൈൻ്റെ വിശദീകരണം. 1.20 ലക്ഷം യുക്രൈൻ പൌരൻമാർ ഇതിനോടകം അതിർത്തി കടന്ന് യൂറോപ്യൻ രാജ്യങ്ങളിൽ അഭയം പ്രാപിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam