Record in Nunchaku Rotation : നെഞ്ചക്ക് അതിവേഗം കറക്കി അരൂജ് സ്വന്തമാക്കിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്

By Web TeamFirst Published Dec 28, 2021, 10:32 PM IST
Highlights

കൈവിരലുകൾക്കിടയിലൂടെ നെഞ്ചക്ക് അതിവേഗം കറക്കി നെഞ്ചക്ക് റിസ്റ്റ് റോളിൽ അരൂജ് സ്വന്തമാക്കിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്,...

തിരുവനന്തപുരം: ആയോധന കലയിൽ പലവിധ റെക്കോർഡ് നേട്ടങ്ങൾ ഉണ്ടെങ്കിലും ആയിരം പൗണ്ട് വരെ പ്രഹരശേഷിയുള്ള ചൈനീസ് ആയുധമായ നെഞ്ചക്ക് (Nunchaku) കൈവിട്ടു കറക്കി റെക്കോർഡ് അഗസ്ത്യമലയുടെ താഴ്വാരത്തെത്തിച്ചിരിക്കുകയാണ് അരൂജ്. കുറ്റിച്ചൽ കോട്ടൂർ മാങ്കുടി ഉഷാഭവനിൽ കുട്ടൻ -ഉഷാകുമാരി ദമ്പതികളുടെ മകനാണ് അരൂജ്. നാട്ടുകാർക്കും ഇപ്പോൾ ഇന്ത്യക്ക് അകത്തും പുറത്തും വിസ്മയമായിരിക്കുകയാണ് അരൂജ് ഇപ്പോൾ. 

കൈവിരലുകൾക്കിടയിലൂടെ നെഞ്ചക്ക് അതിവേഗം കറക്കി നെഞ്ചക്ക് റിസ്റ്റ് റോളിൽ അരൂജ് സ്വന്തമാക്കിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, കലാം വേൾഡ് റെക്കോർഡ്, നോബൽ വേൾഡ് റെക്കോർഡ്, ബ്രാവോ ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് എന്നിങ്ങനെ ആറ് റെക്കോർഡുകളാണ്.

പതിനഞ്ച് മിനിട്ട് നേരം തുടർച്ചയായി നെഞ്ചക്ക് അനായാസം കറക്കിയാണ് ഈ നേട്ടം കൈവരിച്ചത്. അഞ്ചു വയസ് മുതൽ കുങ് ഫു ആൻഡ് യോഗ ഫെഡറേഷൻ കേരളയുടെ കീഴിൽ കുങ് ഫു അഭ്യസിക്കുന്ന അരൂജ് തിരുവനന്തപുരത്തെ സീനിയർ ഇൻസ്ട്രക്ടർ ആയ അരൂജ്   ഷാവോലിൻ കുങ് ഫു യിൽ സെക്കൻഡ് ഡാൻ ബ്ലാക്ക് ബെൽറ്റ് ആണ്.

നെഞ്ചക്ക് ഉപയോഗിച്ച് സ്പാർക്ക് ഉണ്ടാക്കി തീ കത്തിക്കുക, കിക്ക് ചെയ്തു ബോട്ടിൽ ക്യാപ് തെറിപ്പിക്കുക, കെട്ടിവച്ച തീപ്പെട്ടികൊള്ളികൾ കിക്ക് ചെയ്തു കത്തിക്കുക, നെഞ്ചക്ക് ഉപയോഗിച്ച് ബോട്ടിൽ ക്യാപ് തെറിപ്പിക്കുക തുടങ്ങി വ്യത്യസ്തമായ നിരവധി പ്രകടനങ്ങൾ അരൂജ് നടത്തുന്നുണ്ട്. ഷാവോലിൻ കുങ് ഫുയിൽ കഴിഞ്ഞ പത്തുവർഷമായി നിരവധിപേർക്ക് പരിശീലനം നൽകിവരുന്നുണ്ട്. 

കൂടാതെ ഇൻഡോനേഷ്യൻ ആർട്ട് ആയ പെൻസാക് സിലാട്ട് (pencak silat) എന്ന സ്പോർട്സ് ആർട്ടും പഠിപ്പിക്കുന്നുണ്ട്. പെൻസാക് സിലാട്ട് കേരള സ്റ്റേറ്റ് സെക്രട്ടറി ആയ ഷാജ് എസ് കെ ആണ് ഗുരു .കുങ് ഫു ആൻഡ് യോഗ ഫെഡറേഷൻ കേരളയുടെ  ഗ്രാന്റ് മാസ്റ്റേഴ്സ് എം ജി ദിലീപും വി എൻ വിജയനും മാസ്റ്റർ ബിനു കുമാർ ആയൂർ എന്നിവർ മികച്ച പ്രോത്സാഹനമാണ് നൽകുന്നത് എന്ന് അരൂജ് പറഞ്ഞു. 

ആയോധന കല ജീവിത വ്രതമായ അരൂജ്  തന്റെ അറിവുകൾ മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കുന്നതിനായി  സെല്ഫ് ഡിഫെൻസ് ബൈ അരൂജ് (Self Defence by Arooj) എന്ന യൂ ട്യൂബ്  ചാനലിലൂടെ പ്രകടനങ്ങൾ എല്ലാം പഠിപ്പിക്കുന്നുണ്ട്. ഭാര്യ സംഗീത സത്യൻ,  സഹോദരൻ അരുൺ പൊലീസ് ഉദ്യോഗസ്ഥനാണ്. 

click me!