
കോഴിക്കോട്: ആറംഗ നായാട്ട് സംഘത്തെ താമരശേരിയിൽ വനം വകുപ്പ് പിടികൂടി. ഇവരിൽ നിന്ന് വേട്ടയാടിയ പറക്കും അണ്ണാന്റെ ജഡവും നാടൻ തോക്കും പിടിച്ചെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നായാട്ട് സംഘം വനംവകുപ്പിൻ്റെ പിടിയിലായത്.
അരീക്കോട് സ്വദേശികളായ ജുനൈസ്, സതീഷ്, പ്രകാശൻ തിരുവമ്പാടി സ്വദേശികളായ രജീഷ്, സുനിൽ മുത്തപ്പൻപുഴക്കാരനായ ടോമി എന്നിവരാണ് പിടിയിലായത്. താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ചിന് കീഴിൽ വരുന്ന കോഴിക്കോട് മുത്തപ്പൻപുഴയിൽ വെച്ചാണ് നായാട്ടു സംഘത്തെ പിടികൂടിയത്. 6 അംഗ സംഘം വേട്ടയ്ക്ക് ഉപയോഗിച്ച നാടൻ തോക്കും ഇവരിൽ നിന്ന് കണ്ടെടുത്തു.
പറക്കും അണ്ണാനെയാണ് ഇവർ വെടിവെച്ച് വീഴ്ത്തിയത്. ഇതിൻ്റെ ജഡവും സംഘം സഞ്ചരിച്ച കാറും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സുധീർ നെരോത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുത്തപ്പൻപുഴയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയാണ് നടപടി സ്വീകരിച്ചത്. 1972 ലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂൾ ഒന്നിൽപ്പെടുന്ന പറക്കും അണ്ണാനെ കൊന്നതിനാൽ പ്രതികൾക്കെതിരെ ഗുരുതരമായ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് വനം വകുപ്പ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam