
തിരുവനന്തപുരം: ബുധനാഴ്ച രാവിലെ 11 മണിയോടെ ആര്യനാട് കോട്ടയ്ക്കകത്താണ് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്. ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ എ പി ഷാജഹാനും സംഘവും പരിശോധനകൾക്കായി കോട്ടയ്ക്കകം വഴി സഞ്ചരിക്കുകയായിരുന്നു. നിരവധി അബ്കാരി കേസുകളിലെ വാറണ്ട് പ്രതിയായ കോട്ടയ്ക്കകം കൊല്ലക്കുടി വീട്ടിൽ സുകു(51) കാവൽപ്പുര ഭാഗത്തൂടെ വരികയായിരുന്നു.
എക്സൈസിന്‍റെ വാഹനം നിർത്തുന്നത് കണ്ടതോടെ സ്ഥലത്തു നിന്നും സുകു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എക്സൈസ് ഇൻസ്പെക്ടറും സംഘവും സുകുവിനെ പിന്തുടർന്നു. ഗത്യന്തരമില്ലാതെ സുകു സമീപത്തെ കരമനയാറിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സുകുവിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് എക്സൈസ് ഇൻസ്പെക്ടറും ആറിൽചാടി.
പ്രതിക്കു പുറകെ നീന്തിയടുത്ത ഇൻസ്‌പെക്‌ടർ ഇയാളെ പിടികൂടികരയ്ക്കെത്തിച്ചപ്പോൾ സംഘടിച്ചെത്തിയ സുകുവിന്റെ മകനും കൂട്ടുകാരും പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തി. ഇതിനിടയിൽ എക്സൈസ് ഇൻസ്പെക്ടർ ഷാജഹാന് പരുക്കേറ്റു. സംഭവമറിഞ്ഞ് ആര്യനാട് പൊലീസ് സ്ഥലത്തെത്തി. ഇതോടെ അക്രമി സംഘം രക്ഷപ്പെട്ടെങ്കിലും സുകുവിനെ സ്റ്റേഷനിൽ എത്തിച്ചു.
പരിക്കേറ്റ എക്സൈസ് ഇൻസ്പെക്ടർ ഷാജഹാനെ(41) നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ് സംഘത്തിന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് സുകുവിന്റെ മകൻ ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി ആര്യനാട് പൊലീസ് കേസെടുത്തു. എക്സൈസ് പിടികൂടിയ സുകുവിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam