കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയുടെ കയ്യില്‍ നിന്ന് കടലില്‍ വീണ് പിഞ്ചുകുഞ്ഞിനെ കാണാതായി

By Web TeamFirst Published Sep 14, 2020, 12:34 PM IST
Highlights

തന്‍റെ രണ്ടു കുഞ്ഞുങ്ങളും സഹോദരന്‍റെ മകനുമൊപ്പമാണ് ഇവര്‍ ആലപ്പുഴ ബീച്ചിലെത്തിയത്.കടല്‍ പ്രക്ഷുബ്ദമായതിനാല്‍ പ്രധാന ബീച്ചില്‍ ഇറങ്ങാന്‍ പൊലീസ് അനുവദിച്ചില്ല. ഇതോടെ ഇഎസ്ഐ ആശുപത്രിക്ക് സമീപത്തെ ബിച്ചിലാണ് ഇവര്‍ ഇറങ്ങിയത്

ആലപ്പുഴ: അമ്മ കുഞ്ഞിനൊപ്പമുള്ള സെല്‍ഫിയെടുക്കുന്നതിനിടെ രണ്ടരവയസുകാരനെ കടലില്‍ കാണാതായി. ഞായറാഴ്ച ആലപ്പുഴ ബീച്ചിലാണ് സംഭവമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടര വയസുകാരന്‍ മകനും മറ്റ് രണ്ട് കുട്ടികള്‍ക്കൊപ്പം അമ്മ സെല്‍ഫിയെടുക്കുന്നതിനിടെ കുഞ്ഞ് തിരയില്‍പ്പെടുകയായിരുന്നു. പാലക്കാട് സ്വദേശികളായ ലക്ഷ്മണന്‍ അനിതാമൊഴി ദമ്പതികളുടെ മകനായ ആദികൃഷ്ണനെയാണ് കടലില്‍ കാണാതായത്. 

രണ്ട് ദിവസം മുന്‍പ് ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം  ആലപ്പുഴയില്‍ ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു അനിതാമൊഴി. തന്‍റെ രണ്ടു കുഞ്ഞുങ്ങളും സഹോദരന്‍റെ മകനുമൊപ്പമാണ് ഇവര്‍ ആലപ്പുഴ ബീച്ചിലെത്തിയത്. ഉച്ചയ്ക്ക് 2.30ഓടെയാണ് ഇവര്‍ ബന്ധുവായ ബിനു ഓടിച്ചിരുന്ന വാഹനത്തില്‍ ബീച്ചിലെത്തിയത്. കടല്‍ പ്രക്ഷുബ്ദമായ നിലയിലായിരുന്നു. അതിനാല്‍ പ്രധാന ബീച്ചില്‍ ഇറങ്ങാന്‍ ഇവരെ പൊലീസ് അനുവദിച്ചില്ല. ഇതോടെയാണ് ആലപ്പുഴ ഇഎസ്ഐ ആശുപത്രിക്ക് സമീപമുള്ള ബീച്ചില്‍ ഇവരെത്തിയത്. 

ബിനു കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയ സമയത്ത് അനിതാമൊഴി കുട്ടികളുമൊന്നിച്ച് ചിത്രങ്ങളെടുക്കുകയായിരുന്നു. എന്നാല്‍ പെട്ടന്ന് ഉയര്‍ന്ന തിരയില്‍ ഇവര്‍ കുടുങ്ങി. അനിതാമൊഴിയുടെ കയ്യില്‍ നിന്നാണ് ആദികൃഷ്ണന്‍ കടലിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ടെത്തിയ ബിനു തക്ക സമയത്ത് നടത്തിയ ഇടപെടലാണ് അനിതാമൊഴിയേയും മറ്റ് രണ്ടുപേരേയും രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ ആദികൃഷ്ണനെ കടലില്‍ കാണാതായി. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് കുട്ടികളുമായി ബീച്ചിലെത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ ശിശുക്ഷേമ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജലജ ചന്ദ്രന്‍ ആവശ്യപ്പെട്ടു. 

click me!