
മലപ്പുറം: അംഗവൈകല്യം ഒറു ശാപമോ രോഗമോ അല്ല, ഒപ്പം അതൊരു പരിമിതിയുമല്ല. അതുകൊണ്ടാണ് അവരെ നമ്മൾ ഭിന്നശേഷിയുള്ളവർ എന്ന് വിളിക്കുന്നത്. അതൊരു വെറും വിശേഷണമല്ല, മറിച്ച് തെളിയച്ചവരുടെ ലോകത്തെ ഉറപ്പുള്ള യാഥാർത്ഥ്യമാണ്. ജീവിതം വിജയിക്കാനുള്ളാതെണെന്ന് തെളിയിച്ച ഒരു മിടുക്കിയെ കുറിച്ച് പറയാനാണ് ഇത്രയും പറഞ്ഞത്. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ ഉൾക്കരുത്തിന്റെ പാദശേഷിയിൽ വിജയം കൊയ്ത അശ്വതിയെ കുറിച്ച്...
മഞ്ചേരി മെഡിക്കൽ കോളേജിലൈ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് അശ്വതി. കരുവാരകുണ്ട് കക്കറയിൽ പള്ളിക്കുത്ത് മുരളീധരന്റെ മകളായ അശ്വതിക്ക് സെറിബ്രൽ പാൾസി മൂലം ജന്മനാ കാലുകൾക്കും വലതുകൈയ്ക്കും ശേഷിക്കുറവുണ്ട്. കരുത്താവേണ്ട അമ്മ നേരത്തെ യാത്രയായി. ശാരീരിക, സാമ്പത്തിക, പ്രയാസങ്ങൾ പലവട്ടം അലട്ടിയെങ്കിലും പഠനം മുടക്കിയില്ല.
പഠിച്ചതെല്ലാം പൊതുവിദ്യാലയത്തിൽ. വലതുകൈയുടെ ശേഷിക്കുറവിനെ ഇടതുകൈയിലൂടെ മറികടന്നു. പരീക്ഷ എഴുതിയതെല്ലാം ഇടതു കൈ ഉപയോഗിച്ച്. ഡോക്ടറാവണമെന്ന ആഗ്രഹത്തിന് മുന്നിൽ ഒന്നും തടസ്സങ്ങളായില്ല. സ്വപ്നം പിന്തുടർന്നുള്ള ആ യാത്ര ചെന്നുനിന്നത് നീറ്റ് പരീക്ഷയിലെ സംസ്ഥാന റാങ്ക് പട്ടികയിൽ പ്രത്യേക പരിഗണനാ വിഭാഗത്തിൽ പതിനേഴാം റാങ്കിലും. മഞ്ചേരി മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനവും നേടി.
എന്നാൽ പരിമിതികളെയെല്ലാം അതിജീവിച്ച് നേടിയെടുത്ത സ്വപ്നം കൈയെത്തും ദൂരത്ത് നഷ്ടപ്പെടുമെന്ന അവസ്ഥയിലായിരുന്നു അശ്വതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡിന് മുന്നിൽ പരിശോധനയ്ക്ക് ഹാജരായപ്പോൾ മെഡിക്കൽ, ഡെന്റൽ കോഴ്‌സുകൾ പഠിക്കാൻ വൈകല്യംമൂലം അശ്വതിക്ക് യോഗ്യതയില്ലെന്ന് ബോർഡ് വിധിയെഴുതി.
വൈകല്യമുള്ളവർക്കുള്ള മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് അശ്വതി മെഡിക്കൽ പ്രവേശന പരീക്ഷയെഴുതിയത്. നിലമ്പൂർ താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രവും അധികൃതർക്കു മുന്നിൽ ഹാജറാക്കിയെങ്കിലും പരിഗണിച്ചില്ല. 63.3 ശതമാനം വൈകല്യം ഉള്ളതിനാൽ പ്രവേശനാനുമതി നിഷേധിച്ചു. തോറ്റുകൊടുക്കാൻ അശ്വതി തയ്യാറല്ലായിരുന്നു. മെഡിക്കൽ ബോർഡിന്റെ നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി.
ജനിച്ച് 52ാം ദിവസം അമ്മയെ നഷ്ടമായി. അച്ഛനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുടെ പിടിയിലാണ്. ശാരീരിക പരിമിതികളുടെ പേരിൽ അവസരം നിഷേധിക്കപ്പെട്ടപ്പോൾ നാടാകെ ഒപ്പം നിന്നു. എം ഉമ്മർ എംഎൽഎയും ഡോ. അബ്ദുസമദും അയൽക്കാരൻ സിപി ഷൈജുമെല്ലാം ചേർന്നു നടത്തിയ പോരാട്ടമാണ് ലക്ഷ്യം കണ്ടത്. ഇന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. അറിഞ്ഞോ അറിയാതെയോ തന്നെ മാറ്റി നിർത്തിയതിന് നന്നായി പഠിച്ച് മറുപടി പറയുമെന്നാണ് അശ്വതിയുടെ വാക്ക്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam