ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്; അശോക് കുമാറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കും, ചെലവ് സര്‍ക്കാര്‍ വഹിക്കും

By Web TeamFirst Published Dec 3, 2022, 12:04 PM IST
Highlights


ഇത് സംബന്ധിച്ച വാര്‍ത്ത ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ വന്നിരുന്നു. ഇതിന് പിന്നാലെ തൊഴില്‍ വകുപ്പ് പ്രശ്നത്തില്‍ ഇടപെടുകയും അശോക് കുമാറിന്‍റെ മൃതദേഹം ജാര്‍ഖണ്ഡിലേക്ക് വിമാന മാര്‍ഗ്ഗം അയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. 


കൊച്ചി:  നാട്ടിലെത്തിക്കാൻ പണമില്ലാത്തതിനാൽ കഴിഞ്ഞ ആറ് ദിവസമായി ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹത്തിന് സുഹൃത്തുക്കള്‍ കാവലിരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാര്‍ത്തയില്‍ ഇടപെട്ട് തൊഴില്‍വകുപ്പ്. ഒരു മാസമായി ജോലി ചെയ്ത പണം ലഭിക്കാതായതോടെ തിരികെ സ്വന്തം നാട്ടിലേക്ക് പോകാനായി എറണാകുളത്തേക്ക് മടങ്ങും വഴി ബസില്‍ വച്ച് കുഴഞ്ഞ് വീണതിന് പിന്നാലെ മരിച്ച ജാർഖണ്ഡ് സ്വദേശി അശോക് കുമാറിന്‍റെ മൃതദേഹത്തിനാണ് കഴിഞ്ഞ ആറ് ദിവസമായി കൊച്ചി ജനറൽ ആശുപത്രിയുടെ മോർച്ചറിക്ക് മുന്നില്‍ സുഹൃത്തുക്കള്‍ കാവലിരുന്നത്. 

ഇത് സംബന്ധിച്ച വാര്‍ത്ത ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ വന്നിരുന്നു. ഇതിന് പിന്നാലെ തൊഴില്‍ വകുപ്പ് പ്രശ്നത്തില്‍ ഇടപെടുകയും അശോക് കുമാറിന്‍റെ മൃതദേഹം ജാര്‍ഖണ്ഡിലേക്ക് വിമാന മാര്‍ഗ്ഗം അയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മൃതദേഹം തിരികെ അയക്കുന്നതിന് മുമ്പ് എംബാം ചെയ്യുന്നതിനുള്ള നടപടികൾ എറണാകുളം ജില്ല കളക്ടർ അദ്ധ്യക്ഷയായ ധന്വന്തരി സർവ്വീസ് സൊസൈറ്റി പൂർത്തിയാക്കും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഉടന്‍ തന്നെ അശോക് കുമാറിന്‍റെ മൃതദേഹം ജാർഖണ്ഡിലേക്ക് അയക്കുമെന്ന് ജില്ല ലേബർ എൻഫോഴ്സ്മെന്‍റ് ഓഫീസർ അറിയിച്ചു. 

അശോക് കുമാര്‍ മരിച്ചതിന് പിന്നാലെ മൃതദേഹം നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് സ്വകാര്യ ഏജന്‍സികള്‍ അശോക് കുമാറിന്‍റെ സുഹൃത്തുക്കളെ സമീപിച്ചിരുന്നു. എന്നാല്‍, മൃതദേഹം ജാര്‍ഖണ്ഡിലെത്തിക്കുന്നതിന് 60,000 രൂപയാണ് സ്വാകാര്യ ഏജന്‍സികള്‍ ആവശ്യപ്പെട്ടത്. ഒരു മാസം പണിയെടുത്ത കൂലി പോലും ലഭിക്കാതെ ഭക്ഷണത്തിന് പോലും പണമില്ലാത്ത അവസ്ഥയിൽ എങ്ങനെ ഇത്രയും പണം കണ്ടെത്തുമെന്ന ആശങ്കയിലായിരുന്നു സുഹൃത്തുക്കള്‍. 

അശോക് കുമാറിന്‍റെ സുഹൃത്തുക്കളും ജാര്‍ഖണ്ഡ് സ്വദേശികളുമായ മൻഭരനും രാജേഷും വിജയും കട്ടപ്പനയിലെ ഏലത്തോട്ടത്തിൽ രണ്ട് മാസം മുമ്പാണ് തൊഴിൽ തേടിയെത്തിയത്. ആദ്യ മാസം ഇവര്‍ക്ക് കൃത്യമായ കൂലി കിട്ടി. എന്നാല്‍ രണ്ടാം മാസം പണി എടുത്തിട്ടും തോട്ടം ഉടമ കൂലി നൽകിയില്ല. 12,000 രൂപയോളം തോട്ടം ഉടമ പണിക്കൂലി ഇനത്തില്‍ ഇവര്‍ക്ക് നല്‍കാനുണ്ട്. പണിയെടുത്ത കൂലി ചോദിച്ചിട്ടും തൊഴിലുടമ മുഖം തിരിച്ചതോടെ പ്രതീക്ഷകള്‍ അസ്തമിച്ച് സുഹൃത്തുക്കള്‍ നാട്ടിലേക്ക് മടങ്ങാനായി എറണാകുളത്തേക്ക് ബസില്‍ വരവെ അശേക് കുമാര്‍ ബസില്‍ കഴുഞ്ഞ് വീണു. തുടര്‍ന്ന് സുഹ‍ൃത്തുക്കള്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അശോക് കുമാര്‍ മരിച്ച അന്ന് മുതല്‍ ഈ മൂന്ന് സുഹൃത്തുക്കളും  കൊച്ചി ജനറൽ ആശുപത്രിയുടെ മോർച്ചറിക്ക് മുന്നില്‍ ഇനി എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുന്ന വാര്‍ത്തയാണ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. 

 

കൂടുതല്‍ വായനയ്ക്ക്: നാട്ടിലെത്തിക്കാൻ പണമില്ല; ആറാം ദിവസവും മോര്‍ച്ചറിക്ക് മുന്നില്‍ സുഹൃത്തിന്‍റെ മൃതദേഹത്തിന് കാവല്‍!
 

click me!