
തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്ന് കോളേജ് ഹോസ്റ്റലുകളിൽ കയറി മൊബൈലുകളും ലാപ് ടോപ്പുകളും കവർന്ന കേസിൽ പ്രതികളെ പൊലീസ് പൊക്കി. പ്രായപൂർത്തിയാകാത്ത ഒരാളടക്കം രണ്ടു പേരാണ് പൊലീസിന്‍റെ പിടിയിലായത്. കഴക്കൂട്ടം കരിയിൽ സ്വദേശി സുജിത്തും (19) പ്രായപൂർത്തിയാകാത്ത ഒരു ആണ്‍കുട്ടിയെയുമാണ് ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം ശ്രീകാര്യം ഗവണ്‍മെന്‍റ്എഞ്ചിനീയറിംഗ് കോളേജിലെ മെൻസ് ഹോസ്റ്റലിൽ നിന്നാണ് ഇവർ മൊബൈലുകളും ലാപ് ടോപ്പുകളും കവർന്നത്.
കഴിഞ്ഞ മാസം എട്ടാം തീയതി വൈകുന്നേരമാണ് മോഷണം നടന്നത്. വിദ്യാർത്ഥികൾ കാണാതെ ഇരുവരും കോളേജ് ഹോസ്റ്റലിൽ കയറി. തുടർന്ന് പൂട്ടിയിടാത്ത നാല് മുറികളിൽ കയറി അഞ്ച് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഹോസ്റ്റലിലെയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സൈബർ സെല്ലിന്‍റെ സഹായത്തോടുകൂടിയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. പാളയം ഭാഗത്ത് നിന്നും മോഷ്ടിച്ച ബൈക്കിലെത്തിയാണ് ഇരുവരും എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ എത്തി മോഷണം നടത്തിയത്.
മോഷ്ടിച്ച മൊബൈൽ ഫോണുകൾ ബീമാപള്ളിക്ക് സമീപമുള്ള ഒരു കടയിൽ വിൽക്കുകയായിരുന്നു. ലാപ്ടോപ്പ് കഴക്കൂട്ടം ഭാഗത്തുള്ള തെറ്റിയാർ തോട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്തതിൽ ആറുമാസം മുൻപ് പാങ്ങപ്പാറയിൽ നിന്നും മോഷണം ചെയ്തെടുത്ത സ്കൂട്ടറിൽ അമ്പാടി നഗറിലുള്ള മറ്റൊരു ഹോസ്റ്റലിൽ കയറി ലാപ്ടോപ്പും മൊബൈൽ ഫോണും മോഷണം നടത്തിയതായി ഇരുവരും സമ്മതിച്ചു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read More : ഖാദി ബോര്‍ഡ് ശമ്പളമായി നല്‍കാനുള്ളത് 3.5 ലക്ഷം; കോടതി ഉത്തരവുമായി ഓഫീസുകള്‍ കയറിയിറങ്ങി വീട്ടമ്മ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam