
തൃശ്ശൂര്‍: ആനായിക്കല്‍ സ്വദേശി മനോജ് ഇനി തെരുവിലെ പാട്ടുകാരനല്ല. മനോജിന്‍റെ സ്വരമാധുര്യം ഇനി സിനിമയിലൂടെ കേള്‍ക്കാം. ശശീന്ദ്ര സംവിധാനം നിര്‍വഹിക്കുന്ന ഓറ എന്ന സിനിമയില്‍ ഗാനം ആലപിക്കുന്നതിനാണ് മനോജിന് അവസരം ലഭിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് കുന്നംകുളം സ്റ്റാന്‍ഡിൽ അലഞ്ഞുതിരിഞ്ഞു നടന്ന മനോജിനെ കണ്ടെത്തിയത്. മനോജിന്‍റെ സുഹൃത്തും ഗായകനുമായ പേരാമ്പ്ര സ്വദേശി ശ്രീജിത്ത് കൃഷ്ണയാണ് മനോജിന് സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചകാര്യം ഫേയ്സ്ബുക്കിലൂടെ അറിയിച്ചത്. മനോജിന് ഇങ്ങനെയാരു അവസരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും പിന്തുണച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നന്ദിയുണ്ടെന്നും ശ്രീജിത്ത് കൃഷ്ണ പറഞ്ഞു.
ശ്യാംനാദ് പുനലൂര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഗാനത്തിന്‍റെ വരികള്‍ മാതാ അമൃതാനന്ദമയിയുടെ സഹോദരന്‍ സതീഷ് എടമണ്ണയിലാണ് എഴുതിയിരിക്കുന്നത്. ഓറ എന്ന സിനിമയുടെ സംവിധായകന്‍ ശശീന്ദ്ര വിളിച്ചാണ് മനോജിന് സിനിമയില്‍ പാടാനുള്ള അവസരം നല്‍കുമെന്ന് അറിയിച്ചതെന്ന് ശ്രീജിത്ത് കൃഷ്ണ പറഞ്ഞു. ഇരുപത് കൊല്ലം മുമ്പ് പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ തിളങ്ങിനിന്ന അനുഗ്രഹീത ഗായകനാണ് ആനായിക്കല്‍ സ്വദേശി മനോജ്. ഒരു പാട്ടു വീഡിയോ സമൂഹ മാധ്യമം വഴി കണ്ട് പഴയ സഹപാഠിയെ കണ്ടെത്തി തരുമോ എന്ന് ശ്രീജിത്ത് കൃഷ്ണ ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടതാണ് സംഭവങ്ങളുടെ തുടക്കം.
ഫേയ്സ്ബുക്ക് പോസ്റ്റിനെതുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ അലഞ്ഞുതിരിയുന്ന പാട്ടുകാരന്‍ മനോജിനെ കണ്ടെത്തുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നെങ്കിലും സ്വരസ്ഥാനം തെറ്റാതെയാണ് ഇപ്പോഴും മനോജ് പാടുന്നത്.പൊട്ടിയ പട്ടം പോലെയാണ് മനോജിന്റെ ഇന്നത്തെ ജീവിതം. വീട്ടില്‍ സ്വസ്ഥമല്ല. ജ്യേഷ്ഠനും മാനസിക വെല്ലുവിളിയുണ്ട്. പുരപ്പുറത്തു കോണി വച്ചാണ് കയറിക്കിടക്കുന്നത്. രാവിലെ എങ്ങോട്ടെന്നില്ലാതെ പുറപ്പെട്ടു പോകും. കൂടും കൂട്ടുമില്ലാത്തവന് ആരെങ്കിലും നീട്ടുന്ന നാണയം അന്നത്തിനുതകും. പ്രിയപ്പെട്ടത് ചിലതൊക്കെയും ഓര്‍മ്മയിലുണ്ട്.
വരികള്‍ മായാതെ പാടി മുഴുമിക്കും.നാട്ടു വൈദ്യനായിരുന്നു അച്ഛന്‍. അമ്മ ടീച്ചറും. അച്ഛന്‍ നേരത്തെ പോയി. അമ്മ അടുത്തും. മക്കള്‍ രണ്ടും കരകാണാതെ പാറിപ്പോയി. ചെമ്പൈ സംഗീത കോളേജിൽ ആ കാലം ഓര്‍ത്തെടുത്തു പറയുന്നുണ്ട് മനോജ്. കൂട്ടുകാരെയും അറിയാം. പാടിയ ഓര്‍ക്കസ്ട്രകളും കൂടെപ്പാടിയവരും തെളിച്ചത്തോടെയുണ്ട്. സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് മനോജ്. ആവശ്യമായ ചികിത്സ ഉള്‍പ്പെടെ നല്‍കി മനോജിനെ പൂര്‍ണമായും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.