അമല ആശുപത്രിയിൽ ജനറൽ വാർഡിൽ പ്രവേശിക്കുന്ന അടാട്ട് ഗ്രാമ പഞ്ചായത്ത് നിവാസികൾക്ക് ഫാർമസി ബിൽ ഒഴികെ വരുന്ന ബില്ലുകൾക്ക് 35 ശതമാനമാനം കിഴിവ് ലഭിക്കും

തൃശൂർ: അടാട്ട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സാ പദ്ധതിയുമായി അനിൽ അക്കര. അമല ആശുപത്രിയുമായി ചേർന്നാണ് പഞ്ചായത്തിലെ ആളുകൾക്ക് സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നതെന്നാണ് അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിൽ അക്കര വിശദമാക്കി. പഞ്ചായത്തിന്റെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുത്തതിന് പിന്നാലെ തൃശൂർ അമല ഹോസ്പിറ്റൽ ഡയറക്ടർ ജൂലിയസ് അറയ്ക്കൽ സിഎംഐ, ജോയിൻ്റ് ഡയറക്ടർ ഡെൽജോ പുത്തൂർ സിഎംഐ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് പുതിയ നടപടി. മാർച്ച് ആദ്യവാരം മുതൽ ഈ സംരംഭം നിലവിൽ വരുമെന്നാണ് അനിൽ അക്കര വിശദമാക്കുന്നത്. അമല ആശുപത്രിയിൽ ജനറൽ വാർഡിൽ പ്രവേശിക്കുന്ന അടാട്ട് ഗ്രാമ പഞ്ചായത്ത് നിവാസികൾക്ക് ഫാർമസി ബിൽ ഒഴികെ വരുന്ന ബില്ലുകൾക്ക് 35 ശതമാനമാനം കിഴിവ് ലഭിക്കും.ഈ ആനുകൂല്യം ലഭിക്കുന്നതിനായി റേഷൻ കാർഡിൻ്റെ കോപ്പി സഹിതം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ശുപാർശ സഹിതമുള്ള പ്രത്യേക ഫോമിൽ അപേക്ഷ നൽകിയാൽ അമല ആശുപത്രി ഓരോ വ്യക്തിക്കും അമല ആശുപത്രി ഹെൽത്ത് കാർഡ് അനുവദിക്കും. ഓരോ വർഷവും ഈ കാർഡ് പുതുക്കണം. ഫെബ്രുവരി ഒന്ന് മുതൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ മുഖേനെ ഫോം വിതരണം ചെയ്യുമെന്നും അനിൽ അക്കര സാമൂഹ്യ മാധ്യമങ്ങളിലൂടെ വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം