അരീക്കോട് ഒറ്റപ്പെട്ടുപോയ അസം സ്വദേശിനിക്കും കുഞ്ഞുങ്ങൾക്കും ആശ്രയമായി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍, ഒടുവിൽ നാട്ടിലേക്ക് മടക്കം

Published : Aug 27, 2025, 02:13 PM IST
asam native lady and children return to home town

Synopsis

അരീക്കോട് ബസ് സ്റ്റാന്‍ഡില്‍ ഒറ്റപ്പെട്ടുപോയ അസം സ്വദേശിനിയെയും കുഞ്ഞുങ്ങളെയും ഒരാഴ്ചയ്ക്കകം ബന്ധുവിനോടൊപ്പം നാട്ടിലയച്ച് സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍.  

മലപ്പുറം : അരീക്കോട് ബസ് സ്റ്റാന്‍ഡില്‍ ഒറ്റപ്പെട്ടുപോയ അസം സ്വദേശിനിയെയും കുഞ്ഞുങ്ങളെയും ഒരാഴ്ചയ്ക്കകം ബന്ധുവിനോടൊപ്പം നാട്ടിലയച്ച് സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഇടപെടല്‍. അസമിലെ നഗവോണ്‍ സ്വദേശിനിയായ 23കാരിയെയും നാലും ഒന്നും വയസ്സുള്ള കുഞ്ഞുങ്ങളെയും ആഗസ്റ്റ് 19നാണ് അരീക്കോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

താല്‍ക്കാലിക സംരക്ഷണം ഉറപ്പാക്കുന്നതിനായി അരീക്കോട് പോലീസ് അന്ന് രാത്രി തന്നെ പെരിന്തല്‍മണ്ണ സഖി-വണ്‍ സ്റ്റോപ്പ് സെന്ററില്‍ എത്തിക്കുകയായിരുന്നു.

കേരളത്തില്‍ ജോലിക്കെത്തിയ ഭര്‍ത്താവിനൊപ്പം നാല് മാസമായി താമരശ്ശേരിയിലാണ് താമസിച്ചിരുന്നതെന്നാണ് യുവതി പൊലീസിന് നല്‍കിയ വിവരം. യുവതിയുമായി വഴക്കിട്ട ഭര്‍ത്താവ് അവരെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചുപോകുകയായിരുന്നു. ഭര്‍ത്താവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് അസമിലെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചത്.

യുവതിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസമിലെ നഗവോണ്‍ സ്വദേശിയാണെന്ന് വണ്‍ സ്റ്റോപ്പ് സെന്ററിലെ ജീവനക്കാര്‍ തിരിച്ചറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നഗവോണില്‍ പ്രവര്‍ത്തിക്കുന്ന സഖി - വണ്‍ സ്റ്റോപ്പ് സെന്ററുമായും വനിതാ ഹെല്‍പ് ലൈനുമായും ആശയവിനിമയം നടത്തി.

21ന് തന്നെ നഗവോണ്‍ വണ്‍ സ്റ്റോപ്പ് സെന്ററിലെ ജീവനക്കാര്‍ ബന്ധുക്കളെ കണ്ടെത്തി യുവതിയുമായി സംസാരിക്കാന്‍ അവസരമൊരുക്കി. യുവതിയെയും കഞ്ഞുങ്ങളെയും കൂട്ടിക്കൊണ്ടുപോകാനായി ആഗസ്റ്റ് 26 ന് പിതൃസഹോദരന്റെ മകന്‍ പെരിന്തല്‍മണ്ണ സെന്ററിലെത്തി. വന്നത് ബന്ധു തന്നെ ആണെന്ന് നഗവോണ്‍ വണ്‍ സ്റ്റോപ്പ് സെന്ററിന്റെ സഹായത്തോടെ ഒരിക്കല്‍ കൂടി ഉറപ്പ് വരുത്തിയ ശേഷമാണ് യുവതിയെ കൂടെ വിട്ടതെന്ന് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ പി.പി. രഹനാസ് പറഞ്ഞു. കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ശിശു ക്ഷേമ സമിതിയായതിനാല്‍ യുവതിയെയും കുട്ടികളെയും ബന്ധുവിനെയും സമിതി മുന്‍പാകെ ഹാജരാക്കി നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് യുവതിയോടൊപ്പം വിട്ടത്.

ഗാര്‍ഹിക പീഡനങ്ങള്‍ ഉള്‍പ്പെടെ പ്രയാസങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സഖി - വണ്‍ സ്റ്റോപ്പ് സെന്റര്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകള്‍ക്കാണ് ആശ്രയമാകുന്നത്. മലപ്പുറം ജില്ലയിലെ സെന്റര്‍ പെരിന്തല്‍മണ്ണയിലാണ് പ്രവര്‍ത്തിക്കുന്നത്. 2018 ല്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച സെന്ററില്‍ ഇതുവരെ 1490 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ 450 ഓളം പേര്‍ക്ക് താല്‍ക്കാലിക സംരക്ഷണം ഉറപ്പ് വരുത്തി. 2024ല്‍ 280 കേസുകള്‍ സെന്ററിലെത്തി. 92 പേര്‍ക്ക് താല്‍ക്കാലിക സംരക്ഷണം നല്‍കി. ഈ വര്‍ഷം ആഗസ്റ്റ് വരെ 196 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

താത്ക്കാലിക സംരക്ഷണത്തിനു പുറമെ കൗണ്‍സിലിംഗ്, നിയമ സഹായം, പൊലീസ് സഹായം തുടങ്ങിയ സൗജന്യ സേവനങ്ങളാണ് സെന്റര്‍ നല്‍കി വരുന്നത്. ഗാര്‍ഹിക പീഡനം നേരിടുന്നവരുടെ സംരക്ഷണം ഉറപ്പ് വരുത്തുകയെന്നുള്ളതാണ് പ്രധാന ലക്ഷ്യമെങ്കിലും ശാരീരിക മാനസിക പ്രയാസങ്ങള്‍ നേരിടുന്ന എല്ലാത്തരത്തിലുള്ള സ്ത്രീകളും കുട്ടികള്‍ക്കും ആശ്രയമാണ് സഖി. അതിജീവിതര്‍ക്ക് നേരിട്ടോ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സന്നദ്ധ സംഘടനകള്‍ മുഖേനയോ സെന്ററിനെ സമീപിക്കാവുന്നതാണ്.

ഫോണ്‍: 0493 3297400

വനിതാ ഹെല്‍പ് ലൈന്‍ നമ്പര്‍: 181

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആടിന് തീറ്റക്കായി ഇല വെട്ടാൻ പോയി തിരികെ വന്നില്ല, തിരുവനന്തപുരത്ത് ഐഎൻടിയുസി ലോഡിങ് തൊഴിലാളി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസ്
തിരുട്ട് ഗ്രാമത്തിൽ ഒളിവ് ജീവിതം! ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടെ 13കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി