'കാണേണ്ടത് പോലെ കണ്ടാൽ എല്ലാം ശരിയാക്കിത്തരാം'; ഗുരുവായൂരിലെ ഹോട്ടലിൽ പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥൻ, കൈക്കൂലി വാങ്ങവെ കുടുങ്ങി

Published : Sep 24, 2025, 02:49 PM IST
Assistant Labour Officer  Arrest

Synopsis

ജയപ്രകാശ്, സർവ്വീസ് മാനേജരുടെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ നോട്ടീസ് അയക്കുമെന്നും ഭീഷണിപ്പെടുത്തുകയും, ഈ മാസം തീയതി ലേബർ ഓഫീസിൽ ഹാജരാകാൻ നോട്ടീസ് അയക്കുകയും ചെയ്തു.

തൃശ്ശൂർ: ഗുരൂവായൂർ ക്ഷേത്ര പരിസരത്ത് പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കാതിരിക്കാൻ ഹോട്ടൽ ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. ചാവക്കാട് അസ്സിസ്റ്റന്റ് ലേബർ ഓഫീസർ ജയപ്രകാശ് കെ. എ ആണ് 5000 രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്. കഴിഞ്ഞ മുപ്പതാം തീയതി ജയപ്രകാശ് ഗുരൂവായൂർ ക്ഷേത്ര പരിസരത്ത് പരാതിക്കാരൻ നടത്തി വരുന്ന റസ്റ്റോറന്‍റിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം റസ്റ്റോറന്റിലെ സർവ്വീസ് മാനേജറിനോട് സ്ഥാപനത്തിൽ താൽക്കാലിക ജീവനക്കാർ കൂടുതൽ ആണെന്നും കാണേണ്ടത് പോലെ കണ്ടാൽ എല്ലാം ശരിയാക്കിത്തരാം എന്നും പറഞ്ഞ് മടങ്ങി.

തുടർന്ന് ജയപ്രകാശ്, സർവ്വീസ് മാനേജരുടെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ നോട്ടീസ് അയക്കുമെന്നും ഭീഷണിപ്പെടുത്തുകയും, ഈ മാസം തീയതി ലേബർ ഓഫീസിൽ ഹാജരാകാൻ നോട്ടീസ് അയക്കുകയും ചെയ്തു. അതിന് ശേഷം ജയപ്രകാശ് കെ.എ വീണ്ടും മാനേജരെ ഫോണിൽ വിളിച്ച് 16-ാം തീയതി ഓഫീസിൽ എത്തിയാൽ മതിയെന്ന് അറിയിച്ചിരുന്നു. തുടർന്ന് ഹോട്ടൽ മാനേജർ ചാവക്കാട് അസ്സിസ്റ്റന്റ് ലേബർ ഓഫീസിൽ എത്തി. എന്നാൽ തുടർ നടപടികൾ സ്വീകരിക്കാതിരിക്കാൻ ജയപ്രകാശ് 10000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. ആദ്യപടിയായി 5000 രൂപ നിർബന്ധിച്ച് വാങ്ങിയെടുക്കുകയും ചെയ്തിരുന്നു.

തൊട്ടടുത്ത ദിവസം ചാവക്കാട് അസ്സിസ്റ്റന്റ് ലേബർ ഓഫീസിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച ജയപ്രകാശ് കെ. എ എറണാകുളം ജില്ലയിലെ കാക്കനാട് ലേബർ ഓഫീസിൽ ജോയിൻ ചെയ്തു. എന്നാൽ ഈ വിവരം റസ്റ്റോറന്റ് മാനേജരിൽ നിന്നും ജയപ്രകാശ് വയ്ക്കുകയും മാനേജരെ വീണ്ടും ഫോണിൽ വിളിച്ച് ബാക്കി തുകയായ 5000 രൂപ ഉടനെ നൽകണമെന്നും, ഗൂഗിൾ പേ മുഖാന്തിരം അയച്ച് നൽകാനും ആവശ്യപ്പെട്ടിരുന്നു. ഗൂഗിൾ പേ വഴി പണം അയക്കാൻ സാധിക്കില്ലെന്ന് അറിയിച്ചപ്പോൾ താൻ നേരിട്ട് വന്ന് പണം വാങ്ങിക്കൊള്ളാമെന്ന് ജയപ്രകാശ് റസ്റ്റോറന്റ് മാനേജരോട് പറഞ്ഞു. എന്നാൽ ഇനിയും കൈക്കൂലി നൽകാൻ താല്പര്യമില്ലാത്ത റസ്റ്റോറന്റ് ഉടമ ഈ വിവരം തൃശ്ശൂർ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.

തുടർന്ന് വിജിലൻസ് സംഘം കെണിയൊരുക്കി കാത്തിരുന്നു. ഇന്നലെ ഉച്ചക്ക് 12.50 മണിക്ക് ഗുരുവായൂരിലുള്ള റസ്റ്റോറന്റിൽ എത്തിയ പ്രതി പരാതിക്കാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ കൈയ്യോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യർത്ഥിച്ചു.

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ