
കോഴിക്കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടി കൊല്ലാൻ ശ്രമമെന്ന് പരാതി. കഴിഞ്ഞ രാത്രി കുടുക്കിൽ ഉമ്മരത്ത് വെച്ചാണ് കാരന്തൂർ കുഴിമയിൽ മൂസ്സയുടെ മകൻ അർഷാദ് (33) നാണ് വെട്ടേറ്റത്.
ഓമശ്ശേരിയിൽ നിന്നും താമരശ്ശേരിക്ക് ബൈക്കില്‍ വരുമ്പോൾ രണ്ട് ഇന്നോവ കാറുകളിലെത്തിയ സംഘം അർഷാദിനെ ഇരുചക്രവാഹനത്തിൽ നിന്നും ബലം പ്രയോഗിച്ച് ഇന്നോവ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
കാറില്‍ വച്ച് ബലം പ്രയോഗിച്ച് അര്‍ഷാദിന്‍റെ വായില്‍ മദ്യമൊഴിക്കുകയും, മയക്കുമരുന്ന് കുത്തിവെക്കുകയും ചെയ്തു. പിന്നീട് താമരശ്ശേരിക്ക് സമീപം കുടുക്കിൽ ഉമ്മരത്ത് ആളൊഴിഞ്ഞ ഭാഗത്ത് ഇറക്കി വെട്ടിക്കൊല്ലാൻ ശ്രമിച്ചതായും അർഷാദിന്റെ ബന്ധുക്കൾ പറയുന്നു.
അക്രമി സംഘത്തിലെ ഒരാളുടെ പിതാവും അർഷാദും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഇതുസംമ്പന്ധിച്ച് പൊലീസ് കേസുകളും ഉണ്ടായിരുന്നു. നേരത്തെ പന്തയക്കുതിരയുടെ വില്പനയുമായി ബന്ധപ്പെട്ട് തന്നെ വഞ്ചിച്ചെന്നും 11 ലക്ഷം രൂപ അർഷാദ് തട്ടിയെന്നും കാണിച്ച് നെല്ലാംകണ്ടി വൈറ്റ് ഹൗസിൽ അബ്ദുള്‍ മജീദ് നൽകിയ പരാതിയിൽ മൈസൂർ ചാമുണ്ടേശ്വരി പൊലീസ് അർഷാദിനെ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസില്‍ അര്‍ഷാദ് ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് നൽകാനുള്ള പണം സംബന്ധിച്ച് കോടതിക്ക് പുറത്ത് കരാറുണ്ടാക്കുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തതായി അർഷാദിന്റെ ബന്ധുക്കൾ പറഞ്ഞു. കേസ് സംബന്ധിച്ച് വക്കീലിനെ കണ്ട് തിരികെ വരുമ്പോഴാണ് ഇന്നലത്തെ സംഭവങ്ങൾ ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ അർഷാദ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതികളിപ്പെട്ട ഒരാളാണ് അർഷാദിന്റെ ബൈക്ക് ഓമശ്ശേരിയിൽ നിന്നും കുടുക്കിൽ ഉമ്മരം വരെ ഓടിച്ചു വന്നത്. സംഭവം അപകടമാക്കി ചിത്രീകരിക്കാൻ പ്രതികളുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടായതായും ബന്ധുക്കൾ പറഞ്ഞു. ഇത് സംബന്ധിച്ച് താമരശ്ശേരി പൊലീസ് അന്വേഷണമാരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam