വയനാട്: മേപ്പാടിയില്‍ കഴിഞ്ഞ ബുധനാഴ്ച സ്വകാര്യ റിസോർട്ടിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോയിസ്റ്റ് നാടുകാണി ഏരിയാ കമ്മറ്റി. റിസോർട്ട് അധികൃതരും താമസക്കാരും പ്രദേശത്തെ ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറിയതിനുള്ള പ്രതികാരമായാണ് അട്ടമലയിലെ ലെഗസി ഹോംസ് റിസോർട്ടിന് നേരെയുള്ള ആക്രമണമെന്ന് വ്യക്തമാക്കിക്കൊണ്ട് മാവോയിസ്റ്റ് ഏരിയാ കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പ് വയനാട് പ്രസ് ക്ലബ്ബിൽ കിട്ടി.
ആദിവാസി സ്ത്രീകളെ കാഴ്ചവസ്തുക്കളാക്കുന്നവർക്കുള്ള താക്കീതാണ് ആക്രമണമെന്നും കുറിപ്പിലുണ്ട്. ആദിവാസികളുടെ സ്വൈര്യജീവിതത്തിന് തടസ്സം നില്‍ക്കുന്ന മുഴുവന്‍ റിസോർട്ട് മാഫിയയെയും പ്രദേശത്തുനിന്ന് അടിച്ചോടിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും നാടുകാണി ഏരിയ കമ്മറ്റി വക്താവ് അജിതയുടെ പേരിലിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയോടെയാണ് ലെഗസി ഹോംസ് റിസോർട്ടിന് നേരെ ആക്രമണം നടന്നത്. റിസോർട്ടിലെ ചില്ലുകൾ എറിഞ്ഞു തകർത്തു. കസേരകളിൽ ചിലത് പുറത്തിട്ട് കത്തിച്ച നിലയിലും കണ്ടെത്തി.
റിസോർട്ട് നിൽക്കുന്നയിടത്തിന് പുറത്തുള്ള ഒരു പോസ്റ്റിൽ എന്താണ് ആക്രമണത്തിന് കാരണമെന്ന് വിശദീകരിച്ചുള്ള പോസ്റ്ററിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ:
അട്ടമലയിലെ റിസോർട്ട് ആക്രമണം എന്തിന്?
- കഴിഞ്ഞ സീസണിൽ അട്ടമല ആദിവാസി കോളനിയിലെ സ്ത്രീകളെ വഴിയിൽ തടഞ്ഞ് അരിയും മറ്റും നൽകാമെന്ന് പറഞ്ഞ് റിസോർട്ടിന് അടുത്തേക്ക് വിളിച്ച് ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ടൂറിസ്റ്റുകളുടെ ആഗ്രഹത്തിന് ഒത്താശ ചെയ്യുന്ന റിസോർട്ട് നടത്തിപ്പുകാരുടെ ഗൂഢ പദ്ധതിക്കെതിരായാണ് ഈ ആക്രമണം.
- ആദിവാസികൾ ആരുടെയും കച്ചവടവസ്തുവല്ല.
- ആദിവാസികളെ ടൂറിസ്റ്റുകളുടെ കാഴ്ചവസ്തുവാക്കുന്ന സർക്കാർ, ടൂറിസം മാഫിയക്ക് എതിരെ ഒന്നിക്കുക.
- ആദിവാസി കോളനി പരിസരത്തു നിന്ന് മുഴുവൻ റിസോർട്ടുകാരെയും അടിച്ചോടിക്കുക.
എന്ന് സിപിഐ (മാവോയിസ്റ്റ്), നാടുകാണി ഏരിയ സമിതി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam