ആരോഗ്യ വകുപ്പിന്‍റെ 'സ്മാര്‍ട്ട് വര്‍ക്ക്' ഫലം കണ്ടു; മലപ്പുറത്ത് പോളിയോ തുള്ളിമരുന്ന് വിതരണം 88 ശതമാനമായി

By Web TeamFirst Published Jan 22, 2020, 12:42 PM IST
Highlights

വീടുകളില്‍ ചെന്നുളള മരുന്ന് വിതരണം സജീവമാക്കിയതോടെ ജില്ലയിലെ പോളിയോ തുള്ളിമരുന്ന് വിതരണം 88 ശതമാനമായി. ചൊവ്വാഴ്ച വൈകുന്നേരം വരെയുള്ള ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ അനുസരിച്ച് 396365 കുട്ടികള്‍ക്ക് ജില്ലയില്‍ തുള്ളി മരുന്ന് നല്‍കിയിട്ടുണ്ട്. 

മലപ്പുറം: പോളിയോ തുള്ളിമരുന്നിനോട് മുഖം തിരിച്ച ജില്ലകളില്‍ വീടുകളിലെത്തിയുള്ള മരുന്ന് വിതരണം വിജയകരമെന്ന് സൂചന. 19ാം തിയതി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ ബൂത്തുകളില്‍ 1959832 കുട്ടികളെ മാത്രമാണ് രക്ഷിതാക്കള്‍ എത്തിച്ചിരുന്നത്. ഇതില്‍ ഏറ്റവും പിന്നില്‍ പോയത് മലപ്പുറം ജില്ലയായിരുന്നു. മലപ്പുറം ജില്ലയിലെ 54 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് അന്നേ ദിവസം തുള്ളിമരുന്ന് നല്‍കാന്‍ സാധിച്ചിരുന്നത്. 

മലപ്പുറത്ത് ഒരാഴ്ചയാണ് തുളളിമരുന്ന് നല്‍കാനായി ആരോഗ്യ വകുപ്പ് നീക്കിവച്ചത്. വീടുകളില്‍ ചെന്നുളള മരുന്ന് വിതരണം സജീവമാക്കിയതോടെ ജില്ലയിലെ പോളിയോ തുള്ളിമരുന്ന് വിതരണം 88 ശതമാനമായി. ചൊവ്വാഴ്ച വൈകുന്നേരം വരെയുള്ള ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ അനുസരിച്ച് 396365 കുട്ടികള്‍ക്ക് ജില്ലയില്‍ തുള്ളി മരുന്ന് നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 450415 കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് തുള്ളിമരുന്ന് നല്‍കാനുള്ളത്. ശനിയാഴ്ചയോടെ ബാക്കിയുളഅളവര്‍ക്കും തുള്ളിമരുന്ന് നല്‍കാനാവുമെന്നാണ് ആരോഗ്യ വകുപ്പ് കണക്കാക്കുന്നത്. മറ്റുജില്ലകളില്‍ ആദ്യദിനം 80 ശതമാനത്തിലധികം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനായപ്പോള്‍ മലപ്പുറം പിന്നോട്ട് പോയത് വലിയ വാര്‍ത്തയായിരുന്നു. 

ഇടുക്കി, തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകള്‍ തുള്ളിമരുന്ന് വിതരണത്തില്‍  ആദ്യദിനം തന്നെ 90 ശതമാനം കടന്നിരുന്നു. വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. 
നൂറുശതമാനം പാര്‍ശ്വഫലമില്ലാത്തതും സുരക്ഷിതവുമാണ് പോളിയോ തുള്ളിമരുന്നെന്ന് ആരോഗ്യ വകുപ്പ് വിശദമാക്കി. ആജീവനാന്തം കൈകാലുകള്‍ തളര്‍ത്തുന്ന രോഗത്തെയാണ് ഇതിലൂടെ പ്രതിരോധിക്കുന്നതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. 

click me!