
പാലക്കാട്: അട്ടപ്പാടി നരസിമുക്കിൽ പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ ഒരു സംഘം മർദ്ദിച്ച് കൊലപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ ആണ് മരിച്ചത്. 22 വയസായിരുന്നു. ഏഴംഗ സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദകിഷോറിന്റെ സുഹൃത്ത് വിനായകനെ, തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റുചെയ്തു. മൂന്ന് പേരെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
തോക്ക് കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദ്ദനത്തിലും കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. കണ്ണൂരിൽ നിന്ന് കിളികളെ വെടിവെച്ച് കൊല്ലുന്ന തോക്ക് എത്തിച്ചു നൽകാം എന്ന് നന്ദകിഷോറും സുഹൃത്ത് വിനായകനും പ്രതികൾക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ പക്കൽ നിന്ന് നന്ദകിഷോറും വിനായകനും ഒരുലക്ഷം രൂപ വാങ്ങുകയും ചെയ്തു.
എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ തോക്ക് എത്തിച്ച് നൽകാൻ നന്ദകിഷോറിനും വിനായകനും സാധിച്ചില്ല. പ്രതികൾ തോക്ക് വേണ്ട, പണം തിരികെ കിട്ടിയാൽ മതിയെന്ന് പറഞ്ഞിരുന്നു. അത് തിരികെ നൽകാനും ഇവർക്ക് സാധിച്ചില്ല. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിനായകൻ കണ്ണൂർ സ്വദേശിയാണ്. ഇയാളുടെ ദേഹമാസകലം മർദ്ദനമേറ്റ് പരിക്കേറ്റിട്ടുണ്ട്.
വിനായകനെയും നന്ദകിഷോറിനെയും ആക്രമിച്ച സംഘത്തിലെ അംഗങ്ങളാണ് പൊലീസിന്റെ പിടിയിലായ നാല് പേർ. വിപിൻദാസ്, നാഫി, മാരി, രാജീവ് എന്നിവരെയാണ് പിടികൂടിയത്. അഗളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് മൂന്ന് പ്രതികളെ പിടികൂടാനായിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് വിവരം. ഇവർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam