
ഹരിപ്പാട് : ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരിക്ക്. ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷ യാത്രക്കാരായ ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശികളായ തങ്കമ്മ, ബിന്ദു, ഓട്ടോ ഡ്രൈവർ സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. തോട്ടപ്പള്ളിയിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം.
ശക്തമായ കാറ്റിലും മഴയിലും ദേശീയപാതയ്ക്ക് അരികിലായി നിന്നിരുന്ന മഹാഗണി മരം ഓട്ടോയുടെ മുകളിലേക്ക് പിഴുത് വീഴുകയായിരുന്നു. ഓട്ടോറിക്ഷ പൂർണമായും തകർന്നു. മരം വെട്ട് തൊഴിലാളികൾ നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു മാറ്റിയാണ് പരിക്കേറ്റവരെ ഓട്ടോറിക്ഷയിൽ നിന്നും പുറത്തെടുത്ത് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായി. രാമപുരം മുതൽ തോട്ടപ്പള്ളി വരെ അപകടകരമായ രീതിയിൽ നിരവധി മരങ്ങളാണ് റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്നത്. മരങ്ങൾ വീഴുന്നത് പതിവാണെങ്കിലും തലനാരിഴയ്ക്കാണ് പലരും അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്.
സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലായി നടന്ന അപകടങ്ങളില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എരുമേലിയിലും തൊടുപുഴയിലും ആയി ഉണ്ടായ രണ്ട് അപകടങ്ങളിൽ മൂന്ന് പേര്‍ മരണപ്പെട്ടു. എരുമേലി കരിങ്കല്ലുംമൂഴി ഭാരത് പെട്രോൾ പമ്പിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് ചെറുപ്പക്കാരാണ് മരിച്ചത്. ചേനപ്പാടി സ്വദേശി ശ്യാം സന്തോഷ് (23) പൊന്തൻപുഴ സ്വദേശി രാഹുൽ സുരേന്ദ്രൻ (25) എന്നിവരാണ് മരിച്ചത്.
Read More : ബസിന് മുന്നില്‍ പെട്ടന്ന് വെട്ടിത്തിരിച്ചു, സഡന്‍ ബ്രേക്കിട്ട് ഡ്രൈവര്‍; സ്കൂട്ടര്‍ യാത്രികന് 11,000 രൂപ പിഴ
തൊടുപുഴയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. തൊടുപുഴ എപിജെ അബ്ദുള്‍ കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി അര്‍ജുന്‍ സുനിലാണ് (18) മരിച്ചത്. സഹപാഠി അര്‍ജുന്‍ ലാലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More : സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വാഹനാപകടങ്ങൾ: ഇരുപതോളം പേര്‍ക്ക് പരിക്ക്, മൂന്ന് മരണം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam