വെങ്ങാനൂരിൽ അയ്യങ്കാളി സ്ഥാപിച്ച സ്കൂൾ കെട്ടിടത്തിൻ്റെ ഓടുകൾ അനധികൃതമായി പൊളിക്കാൻ ശ്രമം

By Web TeamFirst Published Mar 18, 2021, 11:09 AM IST
Highlights

 വിവരം അറിഞ്ഞെത്തിയ നാട്ടുകാർ അധികൃതർ ആരെങ്കിലും വന്നതിനു ശേഷം ജോലി തുടർന്നാൽ മതി എന്ന നിലപാടെടുത്തു.

തിരുവനന്തപുരം: വെങ്ങാനൂർ അയ്യങ്കാളി സ്ഥാപിച്ച സ്കൂൾ കെട്ടിടത്തിൽ കോടതി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻ്റെ ഓടുകൾ അനധികൃതമായി പൊളിക്കാൻ ശ്രമിച്ചത് നാട്ടുകാർ ഇടപെട് നിർത്തിവച്ചു. ബുധനാഴ്ച രാവിലെ എട്ടു മണിയ്ക്കാണ് 2 പേർ കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ നിന്നും ഓടിളക്കി മാറ്റുന്നത് നാട്ടുകാരിൽ ചിലരുടെ ശ്രദ്ധയിൽ പെട്ടത്.

അന്വേഷിച്ചപ്പോൾ സ്കൂളിൻ്റെ അധികൃതരിലൊരാളെന്ന് അവകാശപ്പെടുന്ന പേരൂർക്കട സ്വദേശി ജോലിക്ക് വിളിച്ചിട്ട് വന്നതാണെന്ന് തൊഴിലാളികൾ അറിയിച്ചു. എന്നാൽ ജോലിക്കാരല്ലാതെ സ്കൂളിൻ്റെ ആളുകൾ ആരും ഇവിടെ ഇല്ലായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ അധികൃതർ ആരെങ്കിലും വന്നതിനു ശേഷം ജോലി തുടർന്നാൽ മതി എന്ന നിലപാടെടുത്തു. കൂടുതൽ അന്വേഷിച്ചപ്പോൾ ഒരു വീട് പൊളിക്കാനുണ്ടെന്ന് പറഞ്ഞാന്ന് ഇവരെ ജോലിക്ക് വിളിച്ചതെന്നും അറിയാൻ കഴിഞ്ഞു.

ലോകത്തിലെ തന്നെ ആദ്യ കർഷക സമരം നയിച്ച വ്യകതിയെന്ന ഖ്യാതിയുള്ള മഹാത്മാ അയ്യൻകാളിയുടെ ചരിത്രം പേറുന്ന വസ്തുക്കളിൽ ഇനി ആകെ അവശേഷിക്കുന്നത് ഈ രണ്ടു നില കെട്ടിടമാണ്. 1904 ൽ സാധുജനങ്ങൾക്കായി മഹാത്മാവ് നിർമിച്ചതാണ് ഈ സ്കൂൾ.1905 ൽ അയ്യൻകാളി സാധുജന പരിപാലന സംഘത്തിനു രൂപം കൊടുത്തു. പിന്നീട് പ്രജാസഭാംഗമായ അദ്ദേഹം പ്രാദേശിക വിഷയങ്ങളിലും തർക്കങ്ങളിലും ഇടപെട്ട് തീർപ്പു പറഞ്ഞിരുന്നത് ഈ കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെക്കുള്ള കോണിപ്പടിയിൽ നിന്നാണ്. 

പുരാവസ്തു വകുപ്പ് ഈ കെട്ടിടം ഏറ്റെടുക്കാൻ ഒരുങ്ങവെയാണ് ചില സ്വകാര്യ വ്യക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച് കെട്ടിടം പൊളിക്കാനുള്ള നീക്കം നടന്നത്. വിവരം അറിഞ്ഞെത്തിയ കെപിഎംഎസ്, സാധുജന പരിപാലന സംഘം, മറ്റു സംഘടന പ്രവർത്തകർ വെങ്ങാനൂരെത്തി. പ്രതിഷേധം മുറുകിയപ്പോൾ സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ചു. തീരുമാനം ആകുന്നതുവരെ പണി നിർത്തിവയ്ക്കാനും ആവശ്യപ്പെട്ടു. 

കെ പി എം എസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥലത്തെത്തി. വൈകുന്നേരത്തോടെ പല ദിക്കിൽ നിന്നും ആളുകൾ എത്തിചേരുകയും പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം നൽകുകയും ചെയ്തിട്ടുണ്ട്.  മഹാത്മാ അയ്യൻകാളിയുടെ പ്രവർത്തനങ്ങളുടെ മഹത്വം അറിയാതെ അദ്ദേഹത്തിൻ്റെ പേര് പറഞ്ഞ് പണ പിരിവ് നടത്തി ജീവിക്കുന്ന ചിലർ ഉണ്ടെന്നും ഇവരൊന്നും ഒരു സമുദായ സംഘടനകളിലും അംഗമല്ല എന്നും കെ പി എം എസ് പറഞ്ഞു. സംഭവത്തിൽ അയ്യൻകാളി സ്മാരക യൂ.പി സ്‌കൂൾ ഹെഡ് മിസ്ട്രസിന് എതിരെ സാധുജന പരിപാലന സംഘം വിഴിഞ്ഞം പൊലീസിൽ പരാതി നൽകി.

click me!