
പെരിന്തല്‍മണ്ണ: ഇന്‍സ്റ്റഗ്രാമിലൂടെ (Instagram) പരിചയപ്പെട്ട 16കാരിയെ വീട്ടില്‍ നിന്നും കാസര്‍കോട് ബേക്കലിലെത്തിച്ച് പീഡിപ്പിക്കാന്‍ (Rape attempt) ശ്രമിച്ച കേസില്‍ രണ്ടാം പ്രതിയും പിടിയില്‍. നിലമ്പൂര്‍ അമരമ്പലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര വീട്ടില്‍ സെബീറി (25) നെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി കാസര്‍കോട് അഴമ്പിച്ചി സ്വദേശി മുളകീരിയത്ത് പൂവളപ്പ് വീട്ടില്‍ അബ്ദുല്‍നാസിര്‍(24), മൂന്നാം പ്രതി പോരൂര്‍ മലക്കല്ല് മുല്ലത്ത് വീട്ടില്‍ മുഹമ്മദ് അനസ്(19) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. സാമൂഹികമാധ്യമങ്ങളിലൂടെ നേരത്തെതന്നെ സുഹൃത്തുക്കളായിരുന്നു മൂവരും. ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. സംഭവദിവസം പെണ്‍കുട്ടിയെ നീലേശ്വരത്തേക്കും അവിടെനിന്ന് ബേക്കല്‍ ബീച്ചിലേക്കും കൊണ്ടുപോകുകയും കാറില്‍വെച്ച് അബ്ദുല്‍നാസിര്‍ പെണ്‍കുട്ടിയോട് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ അബ്ദുല്‍നാസറിന്റെ വാട്‌സാപ്പിലേക്ക് അയപ്പിക്കുകയും ചെയ്തു.
പെണ്‍കുട്ടി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ പരാതിയില്‍ മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നും വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ഈമാസം അഞ്ചിന് ഒന്നാം പ്രതിയെ കാസര്‍കോട് നീലേശ്വരത്തുനിന്നും മൂന്നാം പ്രതിയെ പോരൂരില്‍നിന്നും അറസ്റ്റ്‌ചെയ്തു. തുടരന്വേഷണം നടക്കവേയാണ് കഴിഞ്ഞദിവസം രണ്ടാം പ്രതിയെ എസ്‌ഐ സി കെ നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam