കായംകുളത്തെ പത്തിയൂർ അമർനാഥ് ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് ലഹരി കച്ചവടം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. മലമേൽഭാഗം സ്വദേശി റിയാസിൽ നിന്ന് നാല് ഗ്രാം എം ഡി എം എയും 250 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഉത്സവങ്ങളുമായി ബന്ധപ്പെട്ട് വിൽപ്പനയ്ക്ക് എത്തിച്ചതാണ് ലഹരിവസ്തുക്കളെന്ന് പോലീസ് കണ്ടെത്തി.

കായംകുളം: പത്തിയൂർ അമർനാഥ് ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് ലഹരി കച്ചവടം നടത്തിവന്നിരുന്ന യുവാവിനെ ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കരീലകുളങ്ങര പോലീസും ചേർന്ന് പിടികൂടി. മലമേൽഭാഗം തൈസിൽ പുത്തൻവീട് റിയാസ് (31) ആണ് അറസ്റ്റിലായത്. കായംകുളം ഭാഗത്തെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവവുമായി ബന്ധപ്പെട്ട് വിൽപ്പനയ്ക്ക് കൊണ്ടുവന്ന നാല് ഗ്രാം എം ഡി എം എയും 250 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

വർഷങ്ങളായി ഗൾഫിലായിരുന്ന പ്രതി നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ലഹരി ഉപയോഗത്തിലേക്കും കച്ചവടത്തിലേക്കും തിരിഞ്ഞത്. കുറച്ചു നാളായി ജില്ലയ്ക്ക് പുറത്ത് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇയാൾ അവിടെ നിന്നും 2000 രൂപയ്ക്ക് എം ഡി എം എ വാങ്ങി നാട്ടിൽ 5000 രൂപയ്ക്കാണ് വിറ്റിരുന്നത്. കഞ്ചാവ് ചെറുപൊതികളാക്കി 500 രൂപയ്ക്കും വിൽപ്പന നടത്തിവന്നു.

ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് നാളുകളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കായംകുളം ഡി വൈ എസ് പി ബിനുകുമാറിന്റെ നേതൃത്വത്തിൽ കരീലകുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നോബിൾ പി ജെ, എസ് ഐ മാരായ ശ്രീകുമാരകുറുപ്പ്, ബിജേഷ് നെൽസൺ, സീനിയർ സി പി ഒ സുരേഷ്, സി പി ഒ മാരായ ശരത്കുമാർ, വിഷ്ണു, ജയകൃഷ്ണൻ, സുധിക എന്നിവരും നാർക്കോട്ടിക് സെൽ ഡി വൈ എസ് പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.