
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന് ചരിത്രത്തിൽ ആദ്യമായി വനിതാ സാരഥി. ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർപേഴ്സണായി ആറ്റുകാൽ കുളങ്ങര വീട്ടിൽ എ. ഗീതാകുമാരിയാണ് ഇന്ന് ചുമതലയേറ്റത്. ഇന്ന് രാവിലെ ക്ഷേത്ര നടയിൽ വെച്ചാണ് സത്യ പ്രതിജ്ഞ നടന്നത്.
ട്രസ്റ്റിലെ 84 അംഗ സമിതിയിലെ എക്സിക്യൂട്ടീവ് അംഗമായിരുന്ന ഗീതാകുമാരിയെ കമ്മിറ്റി പുതിയ പദവിയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. 1979 ൽ ക്ഷേത്രം ട്രസ്റ്റ് രൂപീകരിച്ച ശേഷം ആദ്യമായാണ് ഒരു വനിത ഈ ചുമതലയിൽ എത്തുന്നത്. ജലസേചന വകുപ്പിലെ ഡയറക്ടർ തസ്തികയിൽ നിന്ന് 2012 ലാണ് ഗീതാകുമാരി വിരമിച്ചത്.