കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഓട്ടോഡ്രൈവര്‍ സൂക്ഷിച്ചത് നാല് വര്‍ഷം; ഉടമയെത്തിയത് സിനിമാക്കഥ പോലെ

By Web TeamFirst Published Oct 1, 2021, 11:37 PM IST
Highlights

ഓട്ടോറിക്ഷ കഴുകുന്നതിനിടെ ബാക്ക് സീറ്റിനടിയില്‍ ചെളി മൂടിയ നിലയിലായിരുന്നു പാദസരങ്ങള്‍. ഒന്നര പവന്‍ തൂക്കം വരുന്നതാണിത്. ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
 

നിലമ്പൂര്‍: കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം (gold) ഉടമക്ക് നല്‍കാനായി യുവാവ് സൂക്ഷിച്ച് നാല് വര്‍ഷം. ഉടമയെത്തിയതോ സിനിമാക്കഥ പോലെ. ഓട്ടോ ഡ്രൈവറായ (auto driver) രാമംകുത്ത് പാറേങ്ങല്‍ ഹനീഫക്കാണ് നാല് വര്‍ഷം മുമ്പ് തന്റെ ഓട്ടോയില്‍ നിന്നും രണ്ട് സ്വര്‍ണ പാദസരങ്ങള്‍ ലഭിച്ചത്. ഓട്ടോറിക്ഷ കഴുകുന്നതിനിടെ ബാക്ക് സീറ്റിനടിയില്‍ ചെളി മൂടിയ നിലയിലായിരുന്നു പാദസരങ്ങള്‍. ഒന്നര പവന്‍ തൂക്കം വരുന്നതാണിത്. ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പൊലിസില്‍ ഏല്‍പ്പിച്ചാലും യഥാര്‍ഥ ഉടമക്ക് കിട്ടിയേക്കാനിടയില്ലെന്നതിനാല്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആഭരണം വില്‍ക്കാനോ മറ്റോ ഹനീഫ തയ്യാറായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ ഓട്ടോയില്‍ കയറിയ നിലമ്പൂര്‍ റയില്‍വേ സ്റ്റേഷന് സമീപം വീട്ടിച്ചാലില്‍ താമസിക്കുന്ന യുവതി യാത്രക്കിടെ നാല് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണത്തെ കുറിച്ച് ഹനീഫയോട് സംസാരിച്ചപ്പോഴാണ് കളഞ്ഞ് പോയത് ഇവരുടെ ആഭരണം തന്നെയാകുമെന്ന സംശയം ഉദിച്ചത്. കാര്യങ്ങള്‍ കൂടുതല്‍ ചോദിച്ചറിഞ്ഞ ഹനീഫ തെളിവുകള്‍ കൂടി ചോദിച്ചതോടെ യുവതി കൃത്യമായി മറുപടി പറഞ്ഞു. ഇതോടെ ആഭരണം ഇവര്‍ക്ക് തിരിച്ച് നല്‍കുകയായിരുന്നു.
 

click me!