കോഴിക്കോട്ടെ ബസ് ഓൺ ഡിമാൻഡ് സർവ്വീസിന് ഒരു വയസ്; നന്ദി അറിയിച്ച് ജീവനക്കാർ

By Web TeamFirst Published Oct 1, 2021, 7:48 PM IST
Highlights

കൊവിഡ് കാലത്ത് എല്ലാം നിശ്ചലമായപ്പോൾ അവശ്യ സർക്കാർ ജീവനക്കാർക്ക് വേണ്ടി മാത്രം  ആരംഭിച്ച കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ബോണ്ട്‌ സർവീസ് (ബസ് ഓൺ ഡിമാൻഡ്) തൊട്ടിൽ പാലത്തു നിന്നും  യാത്ര തുടങ്ങിയിട്ട് ഇന്ന് (ഒക്ടോബർ 1) ഒരു വർഷം തികഞ്ഞു.

കോഴിക്കോട്: കൊവിഡ് കാലത്ത് എല്ലാം നിശ്ചലമായപ്പോൾ അവശ്യ സർക്കാർ ജീവനക്കാർക്ക് വേണ്ടി മാത്രം  ആരംഭിച്ച കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ബോണ്ട്‌ സർവീസ് (ബസ് ഓൺ ഡിമാൻഡ്) (Bus on demand) തൊട്ടിൽപ്പാലത്തു നിന്നും  യാത്ര തുടങ്ങിയിട്ട് ഇന്ന് (ഒക്ടോബർ 1) ഒരു വർഷം തികഞ്ഞു. 

ഒരു കുടുംബം പോലെ യാത്രക്കാരായ ജീവനക്കാർ ഈ ഒരു വർഷക്കാലം ഒരുമിച്ചു യാത്ര ചെയ്തു. ഓരോ വീട്ടിലെയും ചെറുതും വലുതുമായ എല്ലാ ആഘോഷങ്ങളും അവർ ഒന്നിച്ച് യാത്രയ്ക്കിടയിൽ ആഘോഷിച്ചു. യാത്രക്കാരിൽ ഒരാളെ കണ്ടില്ലെങ്കിൽ വിളിച്ച് അന്വേഷിച്ച് കാരണങ്ങൾ അറിഞ്ഞു.

ബോണ്ട്‌ സർവീസിനെ കുറിച്ച് യാത്രക്കാരോട് ചോദിച്ചാൽ ഒറ്റവാക്കിൽ അവർക്ക് ഉത്തരം പറയാൻ സാധിക്കും ഈ സർവീസ് തുടർന്നും പോകണമെന്ന്. കാരണം ഈ ഒരു വർഷക്കാലം യാതൊരു ബുദ്ധിമുട്ടുകളും അറിയാതെയാണ് അവർ യാത്ര ചെയ്തത്.  

സ്വന്തം വീട്ടിൽ നിന്നും അവരെ സുരക്ഷിതമായി ജോലി സ്ഥലത്തും തിരിച്ചും എത്തിച്ചു. യാത്രക്കാർക്ക് സ്ഥിരം ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നു. ഒരു ഉല്ലാസയാത്ര പോകുന്ന പ്രതീതിയിലാണ് ഓരോ ജീവനക്കാരുടെയും ഓരോ ദിവസത്തെയും യാത്ര തുടങ്ങിയതും അവസാനിച്ചതും.

കേരളത്തിലെ പൊതു ഗതാഗത സംവിധാനത്തിൽ ഒഴിച്ചു കൂടാനാവാത്ത സ്ഥാനം വഹിക്കുന്ന കെ.എസ്.ആർ.ടി.സി  കഴിഞ്ഞ വർഷം സ്ഥിരം യാത്രക്കാർക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതാണ് ബോണ്ട്‌ സർവീസ്. ഇടയ്ക്കിടെ ഉണ്ടാകുന്ന ലോക്ഡൗണിനെ തുടർന്ന് ജീവനക്കാർ യാത്രാക്ലേശം അനുഭവിക്കുന്ന വേളയിൽ ഒരു പ്രദേശത്ത് നിന്നും വിവിധ ഓഫീസുകളിലേക്ക് പോകുന്ന ജീവനക്കാർക്ക്  യാത്രാ സൗകര്യം ഒരുക്കാൻ ബോണ്ട് സർവ്വീസിന് സാധിച്ചു.

സഹയാത്രികരുടെ നിസ്സീമമായ സഹകരണവും ആത്മാർത്ഥമായ ഇടപെടലുകളുമാണ് നല്ല രീതിയിൽ ഈ സർവീസ് തുടർന്നു പോകാൻ സഹായകരമായതെന്ന് കണ്ടക്ടർ ഇബ്രാഹിം പറയുന്നു. സർവീസ് നല്ല രീതിയിൽ തുടർന്നു പോകാൻ സഹായിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുകയാണ് ജീവനക്കാർ. ഒന്നാം വാർഷിക ദിനത്തിൽ ജീവനക്കാർക്ക് യാത്രക്കാർ അവരുടെ സ്നേഹോപഹാരം കൈമാറിയാണ് ആഘോഷിച്ചത്.

click me!