Auto drivers : കോട്ടയത്ത് ഓട്ടോക്കാരുടെ കഴുത്തറുപ്പന്‍ ചാര്‍ജ്; ചോദ്യം ചെയ്താല്‍ ഭീഷണി

By Web TeamFirst Published Nov 28, 2021, 8:24 AM IST
Highlights

നിരക്ക് കൊള്ള ചോദ്യ ചെയ്ത മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കാന്‍ ശ്രമിച്ച പരാതിയിലും ഇതുവരെ പൊലീസ് നടപടി എടുത്തിട്ടില്ല. കോട്ടയത്തെ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാരുടെ നിരക്ക് കൊള്ള വര്‍ഷങ്ങളായി തുടരുന്നതാണ്.
 

കോട്ടയം: കോട്ടയത്ത് (Kottayam) യാത്രക്കാരെ കൊള്ളയടിക്കുന്ന ഓട്ടോഡ്രൈവര്‍മാരെ (Autodrivers) നിയന്ത്രിക്കാതെ അധികൃതര്‍. അമിത നിരക്ക് ഈടാക്കുന്നത് ചോദ്യം ചെയ്താല്‍ ആക്രമണവും ഭീഷണിയുമാണെന്ന് യാത്രക്കാരുടെ പരാതി. നിരക്ക് കൊള്ള ചോദ്യ ചെയ്ത മാധ്യമപ്രവര്‍ത്തകനെ (Media person) ആക്രമിക്കാന്‍ ശ്രമിച്ച പരാതിയിലും ഇതുവരെ പൊലീസ് (Police) നടപടി എടുത്തിട്ടില്ല. കോട്ടയത്തെ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാരുടെ നിരക്ക് കൊള്ള വര്‍ഷങ്ങളായി തുടരുന്നതാണ്. മിനിമം നിരക്കിന് നാല് ഇരട്ടിയൊക്കെയാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. രാത്രിയിലാണ് തോന്നുംപടി നിരക്ക് കൂടുതലും ഈടാക്കുന്നത്. മീറ്റര്‍ പോലും ഇല്ലാതെയാണ് ഇത്തരക്കാരുടെ ഓട്ടം.

ചോദ്യം ചെയ്താല്‍ ആക്രോശവും അസഭ്യവര്‍ഷവും. കഴിഞ്ഞ ദിവസം രാത്രി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടത് 100 രൂപ. ചോദ്യം ചെയ്ത യാത്രക്കാരനായ മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കാനും ശ്രമിച്ചു.

സദുപ്രകാശ് പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടിയില്ല. മാധ്യമപ്രവര്‍ത്തകന്റെ അനുഭവം ഒറ്റപ്പെട്ടതല്ല. പലരും പേടിച്ച് പരാതി നല്‍കുന്നില്ല. നല്‍കിയാലും അധികൃതര്‍ കണ്ണടയ്ക്കുന്നു. പൊലീസിനും ഗതാഗത വകുപ്പിനും അനക്കമില്ല. മീറ്റര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കവും ഇല്ല. ഇതെല്ലാമാണ് ഈ കാടത്തത്തിന് ഒത്താശ.
 

click me!