
സുല്‍ത്താന്‍ബത്തേരി: വയനാട് നെന്മേനി പഞ്ചായത്തിലുള്‍പ്പെട്ട ചീരാലില്‍ ഓട്ടോറിക്ഷാ ഡ്രൈവർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ചീരാല്‍ ഇത്തിക്കാട്ടില്‍ ഭാസ്‌കരന്റെ മകന്‍ ഷിജു (43) ആണ് മരിച്ചത്. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. അത്യാസന്ന നിലയിലായ ഷിജുവിൻ്റെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം നടക്കുന്നതിനിടെയാണ് മരണം. കുടുംബത്തെയും സഹപ്രവര്‍ത്തകരെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയാണ് ഷിജുവിന്റെ വിയോഗവാര്‍ത്ത എത്തിയത്. മൃതദേഹം രാവിലെ പത്ത് മണിക്ക് ചീരാല്‍ ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകുന്നേരം നാല് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. ശ്യാമളയാണ് ഷിജുവിന്റെ മാതാവ്. ഭാര്യ: അതുല്യ. മക്കള്‍: സനയ്, സീഹാന്‍.
അമിത ക്ഷീണം, ഓക്കാനവും ഛര്‍ദിയും, അടിവയറു വേദന, പനി, വിശപ്പില്ലായ്മ, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നത് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. അതുപോലെ ഉന്മേഷക്കുറവും മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസവും ശരീരഭാരം പെട്ടെന്ന് കുറയുന്നതും സന്ധിവേദനയും വരണ്ട ചര്‍മ്മവുമൊക്കെ രോഗ ലക്ഷണങ്ങളാണ്. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും ചൂടുള്ള ഭക്ഷണം മാത്രം കഴിക്കാനും ശ്രദ്ധിക്കണം.