'നന്മയുടെ പ്രതീകം'; തെരുവ് മക്കൾക്ക് കാരുണ്യത്തിന്റെ സഹായഹസ്തവുമായി ഓട്ടോ തൊഴിലാളി

By Web TeamFirst Published Dec 28, 2019, 7:49 PM IST
Highlights

ആദ്യകാലങ്ങളിൽ ഓട്ടോറിക്ഷാ ഓടിക്കിട്ടുന്ന കൂലിയിൽ നിന്നാണ് ഇതിനൊക്കെ തുക കണ്ടെത്തിയിരുന്നത്. പിന്നീട് തന്റെ കാരുണ്യ പ്രവർത്തനം കണ്ട് പല സുമനസ്സുകളും സഹായിക്കാറുണ്ടെന്ന് അനസ് പറയുന്നു.

പൂച്ചാക്കൽ: ജീവിക്കാൻ രാപകൽ കഷ്ടപ്പെടുന്നതിനൊപ്പം, നിരാലംബരായ ഒരുപറ്റം മനുഷ്യർക്ക് കാരുണ്യത്തിന്റെ സഹായഹസ്തമായ് ശ്രദ്ധേയനാകുകയാണ് അനസ് എന്ന ഓട്ടോറിക്ഷാ തൊഴിലാളി. പാണാവള്ളി സ്വദേശിയായ ഈ യുവാവ് എറണാകുളം പാലാരിവട്ടത്താണ് ഓട്ടോ ഓടിക്കുന്നത്. വൈകിട്ട് വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്പാണ് തെരുവിൽ കഴിയുന്ന മുപ്പതോളം പേർക്ക് അനസ് ഭക്ഷണപ്പൊതി എത്തിച്ചു നൽകുന്നത്. 

ഇതിന് പുറമേ ഇവർക്ക് ആവശ്യമായ വസ്ത്രവും മരുന്നും വാങ്ങിച്ചു നൽകുന്നു. കഴിഞ്ഞ ഒരു വർഷമായ് മുടങ്ങാതെ അനസ് ഈ സൽപവൃത്തി നടത്തുന്നു. തെരുവിൽ അഭയം തേടുന്ന ഇവർക്ക് വിശേഷ ദിവസങ്ങളിലും പ്രത്യേകം ഭക്ഷണവും പുതുവസ്ത്രവും നൽകാറുണ്ട്. കഴിഞ്ഞ ദിവസം ഭക്ഷണത്തോടൊപ്പം ക്രിസ്മസ് കേക്കും അനസ് വിതരണം ചെയ്തു. 

കഴിഞ്ഞ തിരുവോണ നാളിൽ 50 പേർക്ക് ഓണക്കോടി നൽകിയിരുന്നു. ആദ്യകാലങ്ങളിൽ ഓട്ടോറിക്ഷാ ഓടിക്കിട്ടുന്ന കൂലിയിൽ നിന്നാണ് ഇതിനൊക്കെ തുക കണ്ടെത്തിയിരുന്നത്. പിന്നീട് തന്റെ കാരുണ്യ പ്രവർത്തനം കണ്ട് പല സുമനസ്സുകളും സഹായിക്കാറുണ്ടെന്ന് അനസ് പറയുന്നു.

click me!